ഓട്ടവ : ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാർ കൊലപാതകക്കേസിൽ കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഇന്ത്യ തുടർനടപടികൾ സ്വീകരിക്കുമെന്ന് കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ദിനേശ് പട്നായിക്. നിജ്ജാറിൻ്റെ കൊലപാതകത്തിൽ ഇന്ത്യൻ ഏജൻ്റുകൾക്ക് പങ്കുണ്ടെന്ന് കാനഡ ആരോപിച്ചിരുന്നു. എന്നാൽ ഈ ആരോപണങ്ങൾ ഇന്ത്യ നിഷേധിച്ചു. കൊലപാതകത്തിൽ ഇന്ത്യയ്ക്ക് യാതൊരു പങ്കുമില്ലെന്ന് ദിനേശ് കെ പട്നായിക് ആവർത്തിച്ചു വ്യക്തമാക്കി. 2023 ജൂണിൽ ബ്രിട്ടിഷ് കൊളംബിയ സറേയിലെ ഗുരുദ്വാരയ്ക്ക് സമീപം ഹർദീപ് സിങ് നിജ്ജാർ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. കേസിൽ നാല് ഇന്ത്യൻ പൗരന്മാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

കേസ് കോടതിയുടെ പരിഗണനയിലാണെന്നും നിയമപരമായ നടപടികൾ പൂർത്തിയാകുന്നത് വരെ ഇന്ത്യ കാത്തിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഇന്ത്യ നടപടികൾ സ്വീകരിക്കും. മറിച്ചാണെങ്കിൽ, കാനഡ ഈ വിഷയം അവസാനിപ്പിക്കുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി. പരസ്യമായി ആരോപണങ്ങൾ ഉന്നയിച്ച കാനഡയുടെ നടപടിയെ സ്ഥാനപതി വിമർശിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട കൃത്യമായ തെളിവുകളൊന്നും കാനഡ ഇന്ത്യയുമായി പങ്കുവെച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. മുൻകാലങ്ങളിൽ സമാനമായ സാഹചര്യങ്ങളിൽ നടപടിയെടുക്കുന്നതിൽ കാനഡ പരാജയപ്പെട്ട കാര്യവും ദിനേശ് കെ പട്നായിക് ചൂണ്ടിക്കാട്ടി.
