മൺട്രിയോൾ : നഗരത്തിലെ സുഡ്-ഔസ്റ്റ് ബറോയിലുള്ള ചരിത്ര പ്രസിദ്ധമായ ക്രിസ്ത്യൻ പള്ളി തിങ്കളാഴ്ച പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ കത്തിനശിച്ചു. ലോറൻഡോ സ്ട്രീറ്റിനടുത്തുള്ള ഡി എൽ’എഗ്ലൈസ് അവന്യൂവിലെ സെൻ്റ്-പോൾ പള്ളിയിൽ പുലർച്ചെ ഒന്നരയോടെയാണ് തീപിടിത്തമുണ്ടായതെന്ന് മൺട്രിയോൾ ഫയർ ഡിപ്പാർട്ട്‌മെൻ്റ് റിപ്പോർട്ട് ചെയ്തു.

സംഭവസമയത്ത് രണ്ട് നിലകളുള്ള പള്ളിയിൽ ആരും ഉണ്ടായിരുന്നില്ല. എന്നാൽ മുൻകരുതൽ നടപടിയായി, മുതിർന്ന പൗരന്മാർക്കുള്ള ഇന്‍റർമീഡിയറ്റ് വസതിയാക്കി മാറ്റിയ പള്ളിയോട് ചേർന്നുള്ള മുൻ റെക്ടറിയിലെ 73 പേർ ഉൾപ്പെടെ, പ്രദേശത്ത് നിന്ന് 148 പേരെ ഒഴിപ്പിച്ചു. ആർക്കും പരുക്കേറ്റതായി റിപ്പോർട്ട് ലഭിച്ചിട്ടില്ല. തീപിടിത്തത്തിൽ കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചു. തീ നിയന്ത്രണവിധേയമാക്കാൻ ഏകദേശം 150 അഗ്നിശമന സേനാംഗങ്ങൾ സംഭവസ്ഥലത്ത് എത്തിയിരുന്നു. എന്നാൽ, പ്രതികൂല കാലാവസ്ഥ അഗ്നിശമന സേനാംഗങ്ങൾക്ക് വെല്ലുവിളി ഉയർത്തിയതായി മൺട്രിയോൾ ഫയർ ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു. സുരക്ഷാ കാരണങ്ങളാൽ ഹൈഡ്രോ-കെബെക്ക് പ്രദേശത്തെ വൈദ്യുതി വിച്ഛേദിച്ചിരുന്നു.
