ഡൽഹി: ആകാശത്ത് പറക്കുന്നതിനിടെ എയർ ഇന്ത്യ വിമാനം പെട്ടെന്ന് 300 അടി താഴേക്ക് പതിച്ച സംഭവത്തിൽ പൈലറ്റിന് ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ടായിരുന്നതായി റിപ്പോർട്ട്. വ്യക്തിപരമായ പ്രശ്നങ്ങളെ തുടർന്ന് ഉറക്കമില്ലായ്മ അനുഭവപ്പെട്ടിരുന്നെന്നും കുടുംബ ഡോക്ടറുടെ നിർദേശപ്രകാരം ഉറക്കത്തിനുള്ള മരുന്ന് കഴിച്ചിരുന്നെന്നും പൈലറ്റ് പറഞ്ഞതായി വിമാനക്കമ്പനിയുടെ ആഭ്യന്തര സുരക്ഷാ റിപ്പോർട്ടിൽ വ്യക്തമാക്കുന്നതായി റിപ്പോർട്ട്.
പൈലറ്റിന്റെ ശരീരസാമ്പിളുകളിൽ കഞ്ചാവിന്റെ സാന്നിധ്യം കണ്ടെത്തിയതായും റിപ്പോർട്ടിലുണ്ട്. സംഭവത്തിന് പിന്നാലെ നടത്തിയ രണ്ട് വൈദ്യപരിശോധനകളിലും കഞ്ചാവിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതായാണ് വിവരം.
ഓഗസ്റ്റ് നാലിനാണ് 137 യാത്രക്കാരും എട്ട് ജീവനക്കാരുമായി പുറപ്പെട്ട എയർ ഇന്ത്യയുടെ AI-2379 (Airbus A320neo) വിമാനം ആകാശത്ത് വെച്ച് പെട്ടെന്ന് താഴേക്ക് പതിച്ചത്. ഏകദേശം 300 അടി താഴേക്ക് വിമാനം പതിച്ചതിനെ തുടർന്ന് 20 യാത്രക്കാർക്കും നാല് ജീവനക്കാർക്കും പരുക്കേറ്റു. തുടർന്ന് വിമാനം ഡൽഹിയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു.

ആദ്യഘട്ടത്തിൽ വിമാനം ആകാശച്ചുഴിയിൽപ്പെട്ടതാണ് പെട്ടെന്ന് താഴേക്ക് പതിക്കാനുള്ള കാരണമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ പിന്നീട് പൈലറ്റിന്റെ ലഹരി ഉപയോഗവും വിമാനത്തിനുള്ളിലെ അസാധാരണ പെരുമാറ്റവും സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നു.
തുടർച്ചയായ ഡ്യൂട്ടികൾക്കിടെ ആവശ്യമായ വിശ്രമം ലഭിച്ചില്ലെന്നും പൈലറ്റ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. ഉറക്കമില്ലായ്മയ്ക്കുള്ള മരുന്നിന്റെ ഉപയോഗം, കഞ്ചാവിന്റെ സാന്നിധ്യം, മതിയായ വിശ്രമത്തിന്റെ അഭാവം എന്നിവ വിമാനം നിയന്ത്രിക്കുന്നതിൽ എന്തെങ്കിലും സ്വാധീനം ചെലുത്തിയോയെന്നതും അന്വേഷണത്തിന്റെ ഭാഗമാകും.
സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും (DGCA)എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും (AAIB) വിശദമായ അന്വേഷണം തുടരുകയാണ്. പൈലറ്റിന്റെ ആരോഗ്യസ്ഥിതി, ലഹരി ഉപയോഗം, മരുന്നുകളുടെ ഉപയോഗം, ജോലിഭാരം, വിശ്രമസമയം എന്നിവയുൾപ്പെടെയുള്ള ഘടകങ്ങൾ അന്വേഷണ ഏജൻസികൾ പരിശോധിച്ചുവരികയാണ്.
