എഡ്മിന്‍റൻ : ആൽബർട്ടയിലെ ഭരണകക്ഷി യുണൈറ്റഡ് കൺസർവേറ്റീവ് പാർട്ടി (UCP) എംഎൽഎമാർക്കെതിരെയുള്ള രണ്ട് റീകോൾ പെറ്റീഷനുകൾ കൂടി പരാജയപ്പെട്ടു. ഇൻഡിജീനിയസ് റിലേഷൻസ് മന്ത്രി രാജൻ സാവ്‌നി, അഡ്വാൻസ്ഡ് എഡ്യൂക്കേഷൻ മന്ത്രി മൈൽസ് മക്ഡൗഗൽ എന്നിവർക്കെതിരെയുള്ള തിരിച്ചുവിളിക്കൽ ഹർജികളാണ് ആവശ്യത്തിന് ഒപ്പു ലഭിക്കാത്തതിനെ തുടർന്ന് പരാജയപ്പെട്ടത്. അതേസമയം, ആൽബർട്ട ഇലക്ഷൻസ് ഇന്ന് 10 റീകോൾ പെറ്റീഷനുകൾ കൂടി പരിശോധിക്കുന്നതിനാൽ പരാജയപ്പെടുന്നവായുടെ എണ്ണം വർധിച്ചേക്കാം. രാജൻ സാവ്‌നിക്കെതിരെയുള്ള റീകോൾ പെറ്റീഷനിൽ ഏകദേശം 3,400 ഒപ്പുകളാണ് ഹർജിക്കാരന് ലഭിച്ചത്. മൈൽസ് മക്ഡൗഗലിനെതിരെയുള്ള പ്രചാരണത്തിലും ആവശ്യമായതിന്‍റെ ഏകദേശം 25% ഒപ്പു മാത്രമേ ശേഖരിക്കാൻ സാധിച്ചുള്ളൂ.

കഴിഞ്ഞ വർഷം അവസാനം മുതൽ പ്രീമിയർ ഡാനിയേൽ സ്മിത്തിന്‍റെ യുണൈറ്റഡ് കൺസർവേറ്റീവ് കോക്കസിലെ ഇരുപതിലധികം എംഎൽഎ-മാർക്കെതിരെയും രണ്ട് പ്രതിപക്ഷ അംഗങ്ങൾക്കെതിരെയും റീകോൾ പെറ്റീഷനുകൾ ആരംഭിച്ചു. അതേസമയം വോട്ടർമാരുടെ നിസ്സംഗതയും സർക്കാർ നടപടികളോടുള്ള ഭയവും ഒപ്പുകൾ ശേഖരിക്കുന്നതിന് തടസ്സമാകുന്നുണ്ടെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നു. നിലവിലെ നിയമപ്രകാരം 60% വോട്ടർമാരുടെ പിന്തുണ ആവശ്യമാണെന്നത് പ്രായോഗികമല്ലെന്നും ഇത് കുറയ്ക്കണമെന്നുമാണ് ഹർജിക്കാരുടെ ആവശ്യം. നിലവിൽ 24 സജീവ പെറ്റീഷനുകൾ പ്രവിശ്യയിലുണ്ട്, ഇതിൽ ഭൂരിഭാഗവും ഭരണകക്ഷിക്ക് എതിരെയാണ്. എന്നാൽ രാഷ്ട്രീയ വിയോജിപ്പുകൾ പരിഹരിക്കാനുള്ള എളുപ്പവഴിയല്ല ഇതെന്നും, വിശ്വാസവഞ്ചനയ്ക്കും ധാർമ്മിക ലംഘനങ്ങൾക്കും മാത്രമേ ഇത്തരം നടപടികൾ സ്വീകരിക്കാവൂ എന്നുമാണ് സർക്കാർ വക്താക്കളുടെ നിലപാട്.
