പാനമ: ലോക വ്യാപാരരംഗത്തെ ഏറ്റവും തന്ത്രപ്രധാനമായ പാതകളിലൊന്നായ പാനമ കനാലിന്റെ നടത്തിപ്പ് ചുമതലയില്‍ നിന്ന് ഹോങ്കോങ് ആസ്ഥാനമായ സികെ ഹച്ചിസണ്‍ കമ്പനിയെ പുറത്താക്കി. പാനമ കനാലിലെ പ്രധാന ടെര്‍മിനലുകളായ ബാല്‍ബോവ, ക്രിസ്റ്റോബല്‍ എന്നിവയുടെ നിയന്ത്രണമാണ് കമ്പനിക്ക് നഷ്ടമായത്. പകരം, ഡെന്മാര്‍ക്കില്‍ നിന്നുള്ള എപി മുള്ളര്‍ മേഴ്സ്‌ക്, സ്വിറ്റ്‌സര്‍ലന്‍ഡ് ആസ്ഥാനമായ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനി (എംഎസ്‌സി) എന്നിവര്‍ക്ക് പാനമ സര്‍ക്കാര്‍ ഇടക്കാല നടത്തിപ്പ് ചുമതല കൈമാറി. മേഖലയില്‍ ചൈനയുടെ വര്‍ധിച്ചുവരുന്ന സ്വാധീനം തടയാന്‍ ശ്രമിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് വലിയ നയതന്ത്ര വിജയമായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളമായി സികെ ഹച്ചിസന്റെ ഉപകമ്പനിയായ പാനമ പോര്‍ട്ട് കമ്പനിയാണ് ഈ ടെര്‍മിനലുകള്‍ നിയന്ത്രിച്ചിരുന്നത്. എന്നാല്‍, പാനമ സര്‍ക്കാരില്‍ നിന്ന് ഈ കമ്പനി കൈപ്പറ്റിയിരുന്ന ഇളവുകള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് പാനമ സുപ്രീം കോടതി വിധിച്ചതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. ഇതേത്തുടര്‍ന്ന് സര്‍ക്കാര്‍ നിയന്ത്രണം ഏറ്റെടുക്കുകയും പുതിയ കമ്പനികള്‍ക്ക് ചുമതല നല്‍കുകയുമായിരുന്നു. പസഫിക് സമുദ്രഭാഗത്തുള്ള ബാല്‍ബോവ തുറമുഖം മേഴ്സ്‌കും അറ്റ്‌ലാന്റിക് ഭാഗത്തുള്ള ക്രിസ്റ്റോബല്‍ തുറമുഖം എംഎസ്‌സിയും ഇനി കൈകാര്യം ചെയ്യും. നേരത്തെ ഈ ബിസിനസ് 23 ബില്യണ്‍ ഡോളറിന് അമേരിക്കന്‍ കമ്പനിയായ ബ്ലാക്ക്റോക്കിന് വില്‍ക്കാന്‍ നീക്കം നടന്നിരുന്നെങ്കിലും ചൈനീസ് സര്‍ക്കാര്‍ അത് തടഞ്ഞിരുന്നു.

പാനമയുടെ ഈ തീരുമാനത്തിനെതിരെ ചൈന കടുത്ത ഭാഷയില്‍ പ്രതികരിച്ചു. ഹോങ്കോങ് കമ്പനിയെ പുറത്താക്കിയത് അംഗീകരിക്കില്ലെന്നും ഇതിന് രാഷ്ട്രീയമായും സാമ്പത്തികമായും പാനമ വലിയ വില നല്‍കേണ്ടി വരുമെന്നും ചൈന മുന്നറിയിപ്പ് നല്‍കി. അതേസമയം, പാനമ കനാലിന്റെ നിയന്ത്രണം ചൈനയുടെ കൈകളിലാകുന്നത് അമേരിക്കയുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. അമേരിക്കയുടെ ചരക്കുനീക്കത്തിന്റെ 40 ശതമാനവും പാനമ കനാലിലൂടെയായതിനാല്‍ തന്ത്രപ്രധാനമായ ഈ മേഖലയിലെ മാറ്റം ആഗോള വ്യാപാര രംഗത്തും വലിയ ചലനങ്ങള്‍ സൃഷ്ടിക്കും. നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് സികെ ഹച്ചിസണ്‍ അറിയിച്ചതോടെ വിഷയം വരുംദിവസങ്ങളില്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകാനാണ് സാധ്യത.
