ഓട്ടവ : ഒൻ്റാരിയോ എസ്സെക്സ് കൗണ്ടിയിലെ ആംഹെർസ്റ്റ്ബർഗ് പട്ടണത്തിലുള്ള കോഴി ഫാമിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. വൈറസ് പടരുന്നത് തടയുന്നതിന് മേഖലയിലുടനീളം അടിയന്തര സുരക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി അറിയിച്ചു. ഫെബ്രുവരി 19-നാണ് പക്ഷിപ്പനി കണ്ടെത്തിയത്. എന്നാൽ, ഫാമിന്‍റെ പേരോ എത്ര കോഴികൾക്ക് പക്ഷിപ്പനി ബാധിച്ചിട്ടുണ്ടെന്നോ വ്യക്തമല്ല.

മനുഷ്യരിലേക്ക് വൈറസ് പകരുന്നത് തടയുന്നതിനും മേഖലയിലുടനീളമുള്ള താമസക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും കോഴി, മുട്ട, അനുബന്ധ ഉൽപ്പന്നങ്ങൾ എന്നിവ വിപണനം ചെയ്യുന്നത് നിയന്ത്രിച്ചിട്ടുണ്ടെന്ന് വിൻസർ-എസെക്സ് കൗണ്ടി ഹെൽത്ത് യൂണിറ്റ് അറിയിച്ചു. ഫാം ഓപ്പറേറ്റർ, രോഗബാധിതരായ പക്ഷികളുമായി ബന്ധം പുലർത്തിയിരുന്ന ജീവനക്കാർ എന്നിവരെ നിരീക്ഷിച്ചുവരികയാണ്. പൊതുജനങ്ങൾക്ക് അപകടസാധ്യത കുറവാണെന്നും, വൈറസ് ബാധിത മേഖലയിലെ ജനങ്ങൾക്ക് ആരോഗ്യ യൂണിറ്റ് ഉദ്യോഗസ്ഥർ പിന്തുണ നൽകുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
