വാഷിങ്ൺ: അമേരിക്കയിലെ ജനങ്ങളുടെ സാമ്പത്തിക ബാധ്യത കുറയ്ക്കുന്നതിനായി ആദായനികുതി പൂർണ്ണമായും നിർത്തലാക്കി പകരം ഇറക്കുമതി താരിഫ് ഏർപ്പെടുത്തുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തന്റെ വാർഷിക സ്റ്റേറ്റ് ഓഫ് ദി യൂണിയൻ പ്രസംഗത്തിലാണ് ട്രംപ് ഈ നിർണ്ണായക പ്രഖ്യാപനം നടത്തിയത്. വിദേശ രാജ്യങ്ങൾ നൽകുന്ന ഉയർന്ന ഇറക്കുമതി താരിഫ് വഴി ലഭിക്കുന്ന വരുമാനം ഉപയോഗിച്ച് ആദായനികുതി ഇല്ലാതാക്കാനാണ് ട്രംപ് ലക്ഷ്യമിടുന്നത്. ഇത് അമേരിക്കൻ ജനതയുടെ സാമ്പത്തിക ബാധ്യത കുറയ്ക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. വർഷങ്ങളായി അമേരിക്കയെ ചൂഷണം ചെയ്തിരുന്ന രാജ്യങ്ങൾ ഇപ്പോൾ ശതകോടിക്കണക്കിന് ഡോളർ താരിഫ് നൽകുന്നുണ്ടെന്നും, ഇത് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും സുരക്ഷയ്ക്കും അത്യന്താപേക്ഷിതമാണെന്നും ട്രംപ് പറഞ്ഞു. നമ്മുടെ ജനങ്ങളുടെ മേലുള്ള സാമ്പത്തിക ഭാരം വിദേശ രാജ്യങ്ങൾ വഹിക്കട്ടെ എന്നും അദ്ദേഹം പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. ട്രംപ് നേരത്തെ ഏർപ്പെടുത്തിയ താരിഫുകൾ യു.എസ് സുപ്രീം കോടതി കഴിഞ്ഞദിവസം റദ്ദാക്കിയിരുന്നു.

കോടതി വിധി നിർഭാഗ്യകരമാണെന്നും എന്നാൽ വിദേശ രാജ്യങ്ങളുമായുള്ള വ്യാപാര കരാറുകളിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇറക്കുമതി താരിഫുമായി ബന്ധപ്പെട്ട തന്റെ മുൻ ഉത്തരവ് റദ്ദാക്കിയ യുഎസ് സുപ്രീം കോടതിയുടെ നടപടിയെ രൂക്ഷമായി വിമർശിച്ച ട്രംപ് കോടതി വിധി നിർഭാഗ്യകരമാണെന്നും കുറ്റപ്പെടുത്തിയിരുന്നു. സുപ്രീം കോടതി വിധിക്ക് പിന്നാലെ, പുതിയ നിയമപരമായ പഴുതുകൾ ഉപയോഗിച്ച് മിക്ക വിദേശ ഉൽപ്പന്നങ്ങൾക്കും 15 ശതമാനം ആഗോള താരിഫ് ഏർപ്പെടുത്തുന്നതിനുള്ള എക്സിക്യൂട്ടീവ് ഓർഡറിൽ ട്രംപ് ഒപ്പുവച്ചിരുന്നു. കോടതി വിധി എതിരായെങ്കിലും പല വിദേശ രാജ്യങ്ങളും കമ്പനികളും താനുമായി നേരത്തെ ഉണ്ടാക്കിയ കരാറുകളിൽ തുടരാൻ സന്നദ്ധരാണെന്ന് ട്രംപ് അവകാശപ്പെട്ടു. പുതിയ കരാറുകൾ അവർക്ക് കൂടുതൽ കഠിനമായിരിക്കുമെന്ന് അറിയാവുന്നത് കൊണ്ടാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ ഭരണത്തിന് കീഴിൽ പണപ്പെരുപ്പമില്ലാത്ത സാമ്പത്തിക വളർച്ചയാണ് രാജ്യം കൈവരിക്കുന്നതെന്നും ട്രംപ് അവകാശപ്പെട്ടു.
