വാഷിങ്ടണ്‍: ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നടക്കുമായിരുന്ന വലിയൊരു ആണവയുദ്ധം ഒഴിവാക്കിയത് താനാണെന്ന അവകാശവാദം ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തന്റെ രണ്ടാം ഭരണകാലത്തെ ആദ്യ ‘സ്റ്റേറ്റ് ഓഫ് ദി യൂണിയന്’ പ്രസംഗത്തിലാണ് ലോകത്തെ ഞെട്ടിച്ച ഈ വെളിപ്പെടുത്തല്‍ ട്രംപ് നടത്തിയത്. കഴിഞ്ഞ വര്‍ഷം ഇന്ത്യ നടത്തിയ ‘ഓപ്പറേഷന് സിന്ദൂര്‍’ വേളയില്‍ താന്‍ ഇടപെട്ടില്ലായിരുന്നുവെങ്കില്‍ പാക്കിസ്ഥാനിലെ 3.5 കോടി ജനങ്ങള്‍ കൊല്ലപ്പെടുമായിരുന്നുവെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് സമ്മതിച്ചതായും ട്രംപ് സഭയില്‍ പറഞ്ഞു.
തന്റെ ഭരണത്തിന്റെ ആദ്യ പത്ത് മാസത്തിനുള്ളില്‍ എട്ട് യുദ്ധങ്ങള്‍ അവസാനിപ്പിച്ചതായാണ് ട്രംപിന്റെ അവകാശവാദം. ‘പാക്കിസ്ഥാനും ഇന്ത്യയും തമ്മില്‍ ഒരു ആണവയുദ്ധത്തിന് സാധ്യതയുണ്ടായിരുന്നു. എന്റെ ഇടപെടല്‍ ഉണ്ടായിരുന്നില്ലെങ്കില്‍ 35 ദശലക്ഷം ആളുകള്‍ മരിക്കുമായിരുന്നുവെന്ന് പാക്കിസ്ഥാന് പ്രധാനമന്ത്രി തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്,’ ട്രംപ് പ്രസംഗത്തില്‍ വ്യക്തമാക്കി. ഇസ്രായേല്‍-ഹമാസ്, ഇസ്രയേല്‍-ഇറാന് തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ തനിക്ക് സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, ട്രംപിന്റെ ഈ അവകാശവാദങ്ങളെ ഇന്ത്യ നേരത്തെ തന്നെ തള്ളിക്കളഞ്ഞിട്ടുള്ളതാണ്. യുദ്ധം തടയുന്നതില്‍ ട്രംപ് മധ്യസ്ഥത വഹിച്ചുവെന്ന വാര്‍ത്തകളോട് ‘ആ സമയത്ത് അമേരിക്ക അമേരിക്കയില്‍ തന്നെയായിരുന്നു’ എന്നായിരുന്നു ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ പരിഹാസം. പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ ആക്രമണം നടത്തിയപ്പോള്‍ പാക് സൈനിക മേധാവി (DGMO) നേരിട്ട് ഇന്ത്യന്‍ സൈന്യത്തെ ബന്ധപ്പെട്ട് വെടിനിര്‍ത്തലിന് അഭ്യര്‍ത്ഥിക്കുകയായിരുന്നുവെന്നാണ് ഇന്ത്യയുടെ ഔദ്യോഗിക വിശദീകരണം.
