വാഷിങ്ടണ്‍: എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത കൊളംബിയ സര്‍വകലാശാല വിദ്യാര്‍ഥിനിയെ യുഎസ് ഭരണകൂടം മോചിപ്പിച്ചു. ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന്‍ മംദാനി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി നടത്തിയ ഇടപെടലുകള്‍ക്ക് പിന്നാലെയാണ് അസര്‍ബൈജാന്‍ സ്വദേശിനിയായ എല്‍മിന അഘയേവയെ വിട്ടയച്ചത്. സര്‍വകലാശാലയുടെ ഉടമസ്ഥതയിലുള്ള അപ്പാര്‍ട്ട്മെന്റില്‍ അതിക്രമിച്ചു കയറി ഫെഡറല്‍ ഏജന്റുമാര്‍ വിദ്യാര്‍ഥിനിയെ കസ്റ്റഡിയിലെടുത്തത് ക്യാമ്പസില്‍ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.
ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയിലും തുടര്‍ന്ന് നടത്തിയ ഫോണ്‍ സംഭാഷണത്തിലും അറസ്റ്റിലുള്ള ആശങ്ക അറിയിച്ചുവെന്ന് സൊഹ്റാന്‍ മംദാനി എക്‌സിലൂടെ വ്യക്തമാക്കി. തന്നെ നാടുകടത്തുമെന്ന് മുന്‍പ് ഭീഷണിപ്പെടുത്തിയ ട്രംപ് തന്നെ ഇപ്പോള്‍ തന്റെ ആവശ്യം അംഗീകരിച്ചത് രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്. താന്‍ സുരക്ഷിതയാണെന്ന് എല്‍മിന പ്രതികരിച്ചെങ്കിലും സംഭവത്തില്‍ വൈറ്റ് ഹൗസ് ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഹൗസിങ് പ്രോജക്റ്റുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായാണ് മംദാനി ട്രംപിനെ കണ്ടതെങ്കിലും ഇസ്രായേല്‍ വിരുദ്ധ പ്രതിഷേധങ്ങളില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കെതിരെയുള്ള നാടുകടത്തല്‍ നടപടികള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ന്യൂറോ സയന്‍സ് ആന്‍ഡ് പൊളിറ്റിക്‌സ് വിദ്യാര്‍ഥിനിയായ എല്‍മിന അഘയേവ സോഷ്യല്‍ മീഡിയയില്‍ ഏറെ പ്രശസ്തയാണ്. ഇന്‍സ്റ്റാഗ്രാമില്‍ ഒരു ലക്ഷത്തിലധികം ഫോളോവേഴ്സുള്ള അവര്‍ കുടിയേറ്റ വിദ്യാര്‍ഥികളുടെ ജീവിതം പ്രമേയമാക്കി ഉള്ളടക്കങ്ങള്‍ നിര്‍മ്മിക്കുന്ന കണ്ടന്റ് ക്രിയേറ്റര്‍ കൂടിയാണ്. വ്യാഴാഴ്ച പുലര്‍ച്ചെ ആറ് മണിയോടെയാണ് മറ്റാരെയോ തിരഞ്ഞെന്ന വ്യാജേന എത്തിയ ഉദ്യോഗസ്ഥര്‍ എല്‍മിനയെ കസ്റ്റഡിയിലെടുത്തത്. ഈ നടപടി ഭരണകൂടത്തിന്റെ വിവേചനപരമായ ഇടപെടലാണെന്ന് ആരോപിച്ചാണ് ക്യാമ്പസില്‍ വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധിച്ചത്.
