Friday, February 27, 2026

55 പാക് സൈനികരെ വധിച്ചെന്ന് താലിബാന്‍; പാക്- അഫ്ഗാന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷം

കാബൂള്‍: പാക്കിസ്ഥാന്‍ – അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം അതീവ ഗുരുതരമായി തുടരുന്നു. താലിബാന്‍ ഭരണകൂടത്തിന്റെ ആക്രമണങ്ങള്‍ക്ക് മറുപടിയായി അഫ്ഗാനിസ്ഥാനെതിരെ ‘തുറന്ന യുദ്ധത്തിന്’ (Open War) പാക്കിസ്ഥാന്‍ പ്രതിരോധമന്ത്രി ഖാജ ആസിഫ് ആഹ്വാനം ചെയ്തു. വ്യാഴാഴ്ച രാത്രി പാക് സൈനിക പോസ്റ്റുകള്‍ക്ക് നേരെ അഫ്ഗാന്‍ സൈന്യം നടത്തിയ ആക്രമണത്തിന് പിന്നാലെ, പാക്കിസ്ഥാന്‍ ‘ഓപ്പറേഷന്‍ ഗസബ് ലില്‍ ഹഖ്’ (Operation Ghazab Lil Haq) എന്ന പേരില്‍ പ്രത്യാക്രമണം ആരംഭിച്ചു. കാബൂള്‍, കാണ്ഡഹാര്‍, പക്തിയ എന്നീ പ്രവിശ്യകളില്‍ പാക്കിസ്ഥാന്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ 133 താലിബാന്‍ പോരാളികള്‍ കൊല്ലപ്പെട്ടതായും 200 ലേറെ പേര്‍ക്ക് പരുക്കേറ്റതായും പാക് അധികൃതര്‍ അവകാശപ്പെടുന്നു.

അതേസമയം, പാക് ആക്രമണത്തിന് കനത്ത തിരിച്ചടി നല്‍കിയതായി താലിബാന്‍ ഭരണകൂടവും അറിയിച്ചു. തങ്ങളുടെ ആക്രമണത്തില്‍ 55 പാക് സൈനികരെ വധിച്ചതായും 23 സൈനികരെ പിടികൂടിയതായും 19 സൈനിക പോസ്റ്റുകള്‍ പിടിച്ചെടുത്തതായും അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ അവകാശപ്പെട്ടു. നന്‍ഗര്‍ഹാര്‍, നൂറിസ്ഥാന്‍, കുനാര്‍, ഖോസ്റ്റ്, പക്തിയ, പക്തിക എന്നീ അതിര്‍ത്തി പ്രവിശ്യകളിലുടനീളം കനത്ത പോരാട്ടമാണ് നടക്കുന്നത്. സംഘര്‍ഷത്തിനിടെ ഒരു പാക് യുദ്ധവിമാനം വെടിവെച്ചിട്ടതായും അഫ്ഗാന്‍ സൈന്യം അവകാശപ്പെടുന്നു. എന്നാല്‍ ഈ വാദങ്ങള്‍ പാക്കിസ്ഥാന്‍ ഔദ്യോഗികമായി നിഷേധിച്ചു.

അതിര്‍ത്തിയിലെ സാഹചര്യം കണക്കിലെടുത്ത് പാക്കിസ്ഥാന്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ് ഇഷാഖ് ദര്‍ സൗദി അറേബ്യന്‍ വിദേശകാര്യമന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ബിന്‍ അബ്ദുള്ളയുമായി ഫോണിലൂടെ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്തു. മേഖലയിലെ സംഘര്‍ഷത്തില്‍ അന്താരാഷ്ട്ര സമൂഹം ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയും അതിര്‍ത്തിയിലെ സംഭവവികാസങ്ങള്‍ അതീവ ജാഗ്രതയോടെയും സൂക്ഷ്മമായും നിരീക്ഷിച്ചു വരികയാണെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതോടെ, വരും മണിക്കൂറുകളില്‍ സംഘര്‍ഷം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുമോ എന്ന ആശങ്ക ശക്തമാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!