വൻകൂവർ : സഹപ്രവർത്തകനും കൗൺസിൽ അംഗവുമായ ഷോൺ ഓറിനെതിരെ തെളിവുകളില്ലാതെ മയക്കുമരുന്ന് വിതരണ ആരോപണം ഉന്നയിച്ച സംഭവത്തിൽ പരസ്യമായി മാപ്പ് പറഞ്ഞ് വൻകൂവർ മേയർ കെൻ സിം. കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ ഷോൺ ഓർ തെരുവിൽ നിയമവിരുദ്ധമായി മയക്കുമരുന്ന് വിതരണം ചെയ്തുവെന്ന് ചൈനീസ് മാധ്യമങ്ങൾക്കായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് മേയർ ആരോപിച്ചത്. സംഭവം വിവാദമായതോടെ വെള്ളിയാഴ്ച നടന്ന മാധ്യമസമ്മേളനത്തിൽ മേയർ ഖേദപ്രകടനം നടത്തുകയായിരുന്നു. തനിക്ക് ലഭിച്ച വിവരങ്ങളിൽ പിഴവ് സംഭവിച്ചുവെന്ന് അദ്ദേഹം സമ്മതിച്ചെങ്കിലും, ആരാണ് ഇത്തരം തെറ്റായ വിവരങ്ങൾ നൽകിയതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാൻ അദ്ദേഹം തയ്യാറായില്ല.

എന്നാൽ, ഈ പ്രസ്താവന പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്നും ക്രിസ്മസ് സമയത്ത് താൻ നഗരത്തിൽ പോലുമില്ലായിരുന്നുവെന്നും ഷോൺ ഓർ വ്യക്തമാക്കി. മേയറുടെ ആരോപണം അപകീർത്തികരമാണെന്നും ജനാധിപത്യ മൂല്യങ്ങളെ തകർക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മേയറുടെ നടപടി ഭരണപരമായ ചട്ട ലംഘനമാണെന്ന് പ്രതിപക്ഷ കൗൺസിലർമാർ ആരോപിച്ചു. ഭരണകക്ഷിയിലെ ചില അംഗങ്ങളും മേയറുടെ പ്രസ്താവനയിൽ അതൃപ്തി രേഖപ്പെടുത്തിയ രംഗത്തെത്തിയിട്ടുണ്ട്.
