നോവസ്കോഷ: വായു ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി കർശനമായ പുതിയ നിയമങ്ങൾ പ്രഖ്യാപിച്ച് നോവസ്കോഷ സർക്കാർ. ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ഉത്തരവ് പ്രകാരം വായു മലിനീകരണമുണ്ടാക്കുന്ന വസ്തുക്കളുടെ നിയന്ത്രിത പട്ടിക സർക്കാർ വിപുലീകരിച്ചു. 1995-ന് ശേഷം ആദ്യമായാണ് ഇത്രയും വലിയൊരു നിയമപരിഷ്കാരം ഈ മേഖലയിൽ നടപ്പിലാക്കുന്നത്. നിലവിൽ നിയന്ത്രണമുള്ള 6 വസ്തുക്കൾക്ക് പുറമെ അമോണിയ, മെർക്കുറി, ലെഡ്, ആഴ്സനിക് തുടങ്ങി 20 മലിനീകരണകാരികളെ കൂടി പുതുതായി പട്ടികയിൽ ഉൾപ്പെടുത്തി. ഇതോടെ ആകെ നിയന്ത്രിത വസ്തുക്കളുടെ എണ്ണം 26 ആയി.

നിർമ്മാണ ശാലകൾ, വൈദ്യുതി നിലയങ്ങൾ, ഖനികൾ, ക്വാറികൾ എന്നിവിടങ്ങളിൽ നിന്നുള്ള പുകയും പൊടിപടലങ്ങളും ഇനി മുതൽ കൃത്യമായ പരിശോധനയ്ക്ക് വിധേയമാക്കണം. വ്യവസായ സ്ഥാപനങ്ങൾ പുറന്തള്ളുന്ന മലിനീകരണത്തിന്റെ വിവരങ്ങളും വായു നിലവാര പരിശോധനാ റിപ്പോർട്ടും കൃത്യമായി സർക്കാരിന് കൈമാറണം. വിദഗ്ധർ ഇവ പരിശോധിച്ച് നിയമലംഘനം ഇല്ലെന്ന് ഉറപ്പുവരുത്തും.
പുതിയ നിയമം ആസ്ത്മ, സി.ഒ.പി.ഡി തുടങ്ങിയ ശ്വാസകോശ രോഗങ്ങൾ തടയാൻ വലിയ രീതിയിൽ സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ജനങ്ങളുടെ ആരോഗ്യത്തിന് മുൻഗണന നൽകുന്നതോടൊപ്പം തന്നെ വ്യവസായ മേഖലയെ തളർത്താത്ത രീതിയിലുള്ള നയമാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് പരിസ്ഥിതി മന്ത്രി തിമോത്തി ഹാൾമാൻ വ്യക്തമാക്കി. നോവ സ്കോഷയിലെ ജനങ്ങൾക്ക് ശുദ്ധവായു ഉറപ്പാക്കുന്നതിൽ ഈ നിയമപരമായ നീക്കം വലിയൊരു നാഴികക്കല്ലാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
