ടൊറൻ്റോ : ശൈത്യകാല കാലാവസ്ഥയെ തുടർന്ന് നഗരത്തിലും ഗ്രേറ്റർ ടൊറൻ്റോ മേഖലയിലും വായുഗുണനിലവാരം മോശമാകുമെന്ന് മുന്നറിയിപ്പ് നൽകി എൻവയൺമെൻ്റ് കാനഡ. നേരിയ കാറ്റും നിലവിലെ കാലാവസ്ഥയും അന്തരീക്ഷത്തിൽ സൂക്ഷ്മ കണികകളുടെയും നൈട്രജൻ ഡൈ ഓക്സൈഡിന്റെയും അളവ് വർധിപ്പിച്ചതായി കാലാവസ്ഥാ വകുപ്പ് പറയുന്നു. വ്യാഴാഴ്ച രാവിലെയോടെ വായു ഗുണനിലവാരം മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. തണുത്തുറഞ്ഞ ചാറ്റൽ മഴയ്ക്കും താപനില 3 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനും സാധ്യതയുണ്ട്.

വായു മലിനീകരണതോത് കൂടുതലായിരിക്കുമ്പോൾ, ജനങ്ങൾ പുറത്തുപോകുന്നത് പരമാവധി ഒഴിവാക്കണം. കണ്ണ്, മൂക്ക്, തൊണ്ട എന്നിവയിൽ അസ്വസ്ഥത, തലവേദന, ചുമ എന്നിവ അനുഭവപ്പെടുമെന്നും കാലാവസ്ഥാ ഏജൻസി പറയുന്നു. 65 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ളവർ, ഗർഭിണികൾ, ശിശുക്കൾ, കൊച്ചുകുട്ടികൾ, നിലവിലുള്ള അസുഖമുള്ളവർ, പുറത്ത് ജോലി ചെയ്യുന്നവർ എന്നിവരെ വായുഗുണനിലവാരം മോശമാകുന്നത് ബാധിക്കാനുള്ള സാധ്യത കൂടുതലാണ്.
