ന്യൂഡല്‍ഹി: ഇന്ത്യയില്‍ അശാന്തി സൃഷ്ടിക്കാന്‍ പാക്കിസ്ഥാന് ലക്ഷ്യമിടുന്നതായി കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്കി. അഫ്ഗാനിസ്താനുമായുള്ള അതിര്‍ത്തി സംഘര്‍ഷങ്ങളില്‍നിന്നും ബലൂചിസ്താനിലെ ആഭ്യന്തര പ്രശ്നങ്ങളില്‍നിന്നും രാജ്യാന്തര ശ്രദ്ധ തിരിക്കാന്‍ പാക്കിസ്ഥാന് ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് ഏജന്‍സികള്‍ വിലയിരുത്തുന്നു. മുന്നറിയിപ്പിനെത്തുടര്‍ന്ന് ഡല്‍ഹി, മുംബൈ, ജമ്മു കശ്മീര്‍ തുടങ്ങിയ തന്ത്രപ്രധാനമായ നഗരങ്ങളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചു.
രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന (ATS) മുംബൈയിലെ കുര്‍ള, ഗോവണ്ടി മേഖലകളില്‍ വ്യാപക പരിശോധനകള്‍ നടത്തി. ഓണ്‍ലൈന്‍ വഴിയുള്ള തീവ്രവാദ പ്രചാരണങ്ങളും വിദേശ ഹാന്‍ഡ്ലര്‍മാരുമായുള്ള ബന്ധവും നിരീക്ഷിച്ചായിരുന്നു ഈ നീക്കം. റെയ്ഡുകളില് നിലവില്‍ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഡല്‍ഹിയിലെ പ്രധാന ആരാധനാലയങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും സുരക്ഷാ ഉദ്യോഗസ്ഥരെ അധികമായി വിന്യസിച്ചിട്ടുണ്ട്.

ജമ്മു കശ്മീരിലെ അതിര്‍ത്തി മേഖലകളില്‍ നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ തടയുന്നതിനായി സൈന്യവും ബിഎസ്എഫും നിരീക്ഷണം കര്‍ശനമാക്കി. പാക്കിസ്ഥാന് അതിര്‍ത്തിയിലെ ലോഞ്ച് പാഡുകള്‍ കേന്ദ്രീകരിച്ച് തീവ്രവാദികള്‍ നുഴഞ്ഞുകയറ്റത്തിന് തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ വിമാനത്താവളങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലും പരിശോധന ശക്തമാക്കാനും ഉന്നതതല യോഗത്തില്‍ തീരുമാനമായി.
