വയനാട്: വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ സിപിഎം ജില്ലാ സെക്രട്ടറിയോട് അതൃപ്തി പ്രകടിപ്പിച്ചതില്‍ നടന് മമ്മൂട്ടിക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം. ഒപ്പമുണ്ടായിരുന്ന സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖിനോട് ‘നിങ്ങള്‍ എപ്പോഴും എന്റെയൊപ്പം നടന്നാല്‍ ഞാന്‍ നിങ്ങള്‍ക്കുവേണ്ടി വന്നതാണെന്ന് തെറ്റിദ്ധരിക്കില്ലേ’ എന്ന് മമ്മൂട്ടി ചോദിച്ചതാണ് ഇടത് സൈബര്‍ ഹാന്‍ഡിലുകളെ പ്രകോപിപ്പിച്ചത്. ശനിയാഴ്ച ഉച്ചയോടെ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ മമ്മൂട്ടിക്കെതിരെ സൈബര്‍ ആക്രമണം ശക്തമാകുകയായിരുന്നു.
സിനിമയില്‍ മാത്രമാണ് മമ്മൂട്ടി ഹീറോയെന്നും ജനകീയനായ പാര്‍ട്ടി ജില്ലാ സെക്രട്ടറി അതിലും മുകളിലാണെന്നുമുള്ള തരത്തിലുള്ള വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. എന്നാല്‍, ടൗണ്‍ഷിപ്പ് സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങിയ മമ്മൂട്ടി കാറില്‍ വെച്ച് കെ. റഫീക്കിനെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. ആരെയും അറിയിക്കാതെയും വലിയ ആള്‍ക്കൂട്ടം ഒഴിവാക്കിയും ടൗണ്‍ഷിപ്പിലെത്താനായിരുന്നു താന്‍ ആഗ്രഹിച്ചതെന്ന് മമ്മൂട്ടി അദ്ദേഹത്തെ അറിയിച്ചു. സന്ദര്‍ശന വേളയില്‍ ടൗണ്‍ഷിപ്പിനെ അഭിനന്ദിച്ച മമ്മൂട്ടി, കേരളത്തിലെ ജനങ്ങള്‍ പിരിച്ച പണം ഉപയോഗിച്ച് നിര്‍മ്മിച്ച ഈ ടൗണ്‍ഷിപ്പ് സംസ്ഥാനത്തിന്റെ സാമൂഹിക മൂലധനമാണെന്നും അഭിപ്രായപ്പെട്ടിരുന്നു.

സംഭവത്തില്‍ മമ്മൂട്ടിയെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. രാഷ്ട്രീയ പ്രവര്‍ത്തകര്‍ എപ്പോഴും കൂടെ നില്ക്കുമ്പോള് തന്റെ സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യം രാഷ്ട്രീയവല്‍ക്കരിക്കപ്പെടുമോ എന്ന സ്വാഭാവികമായ ആശങ്കയാണ് മമ്മൂട്ടി പങ്കുവെച്ചതെന്ന് അനുകൂലിക്കുന്നവര്‍ വാദിക്കുന്നു. അതേസമയം, ജനപ്രതിനിധികളോടും രാഷ്ട്രീയ നേതാക്കളോടും സിനിമാ താരങ്ങള്‍ കാണിക്കുന്ന ഇത്തരം മനോഭാവം ശരിയല്ലെന്നാണ് വിമര്‍ശകരുടെ നിലപാട്.
