ടെഹ്‌റാന്‍: നിലവിലെ സൈനിക സംഘര്‍ഷങ്ങള്‍ക്കിടെ നിരവധി അമേരിക്കന്‍ സൈനികരെ ഇറാന്‍ തടവിലാക്കിയതായി ഇറാന്റെ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ തലവന്‍ അലി ലാരിജാനി അവകാശപ്പെട്ടു. ശനിയാഴ്ച എക്‌സ് പ്ലാറ്റ്ഫോമിലൂടെയാണ് അദ്ദേഹം ഈ വെളിപ്പെടുത്തല്‍ നടത്തിയത്. തടവിലാക്കപ്പെട്ട സൈനികര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടുവെന്ന് പറഞ്ഞ് അമേരിക്ക യഥാര്‍ത്ഥ വിവരം മറച്ചുവെക്കുകയാണെന്നും സത്യം അധികകാലം ഒളിച്ചുവെക്കാന്‍ കഴിയില്ലെന്നും ലാരിജാനി കുറിച്ചു.
എന്നാല്‍, ഇറാന്റെ ഈ അവകാശവാദം അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ് അമേരിക്ക ഉടന്‍ തന്നെ രംഗത്തെത്തി. ഇറാനിയന്‍ ഭരണകൂടം നുണകള്‍ പ്രചരിപ്പിക്കാനും ലോകത്തെ കബളിപ്പിക്കാനും ശ്രമിക്കുകയാണെന്ന് യുഎസ് നേവി ക്യാപ്റ്റന്‍ ടിം ഹോക്കിന്‍സ് മറുപടി നല്‍കി. ഫെബ്രുവരി 28-ന് യുഎസും ഇസ്രായേലും സംയുക്തമായി ഇറാന് നേരെ ആക്രമണം ആരംഭിച്ചതിന് ശേഷം ആറ് യുഎസ് സൈനികര്‍ കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണമുണ്ട്. എന്നാല്‍ ആരും തടവിലായിട്ടില്ലെന്നാണ് യുഎസ് നിലപാട്.

അതേസമയം, കുര്‍ദ് വിഭാഗക്കാരെ ഇറാനിലേക്ക് അയക്കാനുള്ള നീക്കത്തില്‍ നിന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പിന്മാറി. ഇറാഖിലെ കുര്‍ദ് നിയന്ത്രണ മേഖലകളില്‍ ഇറാന്‍ ആക്രമണം ശക്തമാക്കിയ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. നിലവിലെ യുദ്ധം അതീവ സങ്കീര്‍ണ്ണമാണെന്നും കുര്‍ദുകളെ ഇതിലേക്ക് വലിച്ചിഴച്ച് അവര്‍ക്ക് പ്രയാസമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി. കുര്‍ദ് വിഷയത്തില്‍ ട്രംപ് നടത്തിയ ഈ മലക്കംമറിച്ചില്‍ പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.
