ടെഹ്റാൻ∙ ഇറാന്റെ പരമോന്നത നേതാവായി ആയത്തുല്ല ഖമനയിയുടെ മകൻ മുജ്തബ ഖമനയിയെ തിരഞ്ഞെടുത്തു. 88 അംഗങ്ങളുള്ള അസംബ്ലി ഓഫ് എക്സ്പേര്ട്സാണു ഇറാന്റെ പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുത്തത്. ‘‘നിർണ്ണായക വോട്ടിലൂടെ, മുജ്തബ ഖമനയിയെ അസംബ്ലി ഓഫ് എക്സ്പേര്ട്സ് ഇറാന്റെ മൂന്നാമത്തെ നേതാവായി നിയമിച്ചു,’’ അസംബ്ലി ഓഫ് എക്സ്പേർട്സ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഇറാനിലെ എല്ലാ കാര്യങ്ങളിലും അന്തിമ തീരുമാനം എടുക്കാനുള്ള അധികാരം പുതിയ സ്ഥാനത്തിലൂടെ മുജ്തബ ഖമനയിക്ക് ലഭിച്ചു.
പൊതുവേദികളിലോ ഔദ്യോഗിക പദവികളിലോ പ്രത്യക്ഷപ്പെടാതെ പതിറ്റാണ്ടുകളായി ഇറാന്റെ ഭരണസിരാകേന്ദ്രങ്ങളിൽ അതിശക്തമായ സ്വാധീനം ചെലുത്തിവരുന്ന വ്യക്തിയാണ് മുജ്തബ. ആയത്തുല്ല അലി ഖമനയിയുടെ ഓഫീസിനെ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിരുന്ന മുജ്തബ, ഭരണകൂട തീരുമാനങ്ങളിലെ അവസാന വാക്കായാണ് അറിയപ്പെടുന്നത്. ഇറാൻ വിപ്ലവ ഗാർഡുകളുമായുള്ള അദ്ദേഹത്തിന്റെ അടുത്ത ബന്ധമാണ് നിലവിലെ യുദ്ധസാഹചര്യത്തിനിടെ ഇദ്ദേഹത്തെ നേതൃസ്ഥാനത്തേക്ക് എത്തിക്കുന്നതിൽ പ്രധാന ഘടകമായത്.

യുഎസ്-ഇസ്രയേൽ വ്യോമാക്രമണത്തിൽ അലി ഖമനയി കൊല്ലപ്പെട്ടതിനെത്തുടർന്ന് രാജ്യം വലിയ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് മുജ്തബയുടെ ഈ അധികാരലബ്ധി. 1979-ലെ വിപ്ലവത്തിന് ശേഷം ഇറാന്റെ പരമോന്നത പദവിയിൽ സംഭവിക്കുന്ന ആദ്യത്തെ ‘കുടുംബവാഴ്ച’ എന്ന നിലയിൽ ഈ നിയമനം രാജ്യത്തിനകത്തും പുറത്തും വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. പാരമ്പര്യമായി മുതിർന്ന മതപണ്ഡിതന്മാരെയാണ് ഈ സ്ഥാനത്തേക്ക് പരിഗണിക്കാറുള്ളത്.
അതേസമയം ഇറാന്റെ പുതിയ പരമോന്നത നേതാവിനെ അംഗീകരിക്കില്ലെന്നും അമേരിക്കയ്ക്ക് താല്പര്യമുള്ള ഒരാളാകണം പരമോന്നത നേതാവാകേണ്ടതെന്നും യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് നേരത്തെ പ്രതികരിച്ചിരുന്നു. എന്നാൽ, തങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ പുറത്തുനിന്നുള്ള ഇടപെടൽ വേണ്ടെന്നായിരുന്നു ഇറാൻ വിദേശകാര്യ മന്ത്രാലയത്തിൻ്റെ മറുപടി.
