Wednesday, March 11, 2026

മഞ്ഞുപാളി തകർന്ന് അപകടം: ജോർജിയൻ ബേയിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

ടൊറന്റോ: ഒന്റാരിയോയിലെ ജോർജിയൻ ബേയിൽ മഞ്ഞുപാളിയിൽ കുടുങ്ങിയ 23 മത്സ്യത്തൊഴിലാളികളെ സാഹസികമായി രക്ഷപ്പെടുത്തി. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മഞ്ഞുപാളി പിളർന്ന് രണ്ട് കിലോമീറ്ററോളം ഉൾക്കടലിലേക്ക് ഒഴുകിപ്പോകുകയായിരുന്നു. മഞ്ഞുപാളി പല കഷ്ണങ്ങളായി പിളർന്നതോടെ ചിലർ ഭാഗികമായി തണുത്തുറഞ്ഞ വെള്ളത്തിൽ മുങ്ങിപ്പോകുകയും ചെയ്തു. അതിശൈത്യം മൂലം ശരീരതാപനില അപകടകരമായി താഴുന്ന ഹൈപ്പോതെർമിയ (Hypothermia) ബാധിച്ച് പലരുടെയും ജീവൻ അപകടത്തിലായ സാഹചര്യത്തിലാണ് രക്ഷാപ്രവർത്തനം നടന്നതെന്ന് ഒന്റാരിയോ പ്രൊവിൻഷ്യൽ പൊലീസ് (OPP) അറിയിച്ചു.

ഒപിപി ഏവിയേഷൻ, മറൈൻ യൂണിറ്റുകളും വിവിധ ഫയർ ഡിപ്പാർട്ട്‌മെന്റുകളും സംയുക്തമായാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ എല്ലാവരെയും എയർലിഫ്റ്റ് ചെയ്ത് സുരക്ഷിതമായി കരയിലെത്തിച്ചു. ഹൈപ്പോതെർമിയ ബാധിച്ചതൊഴിച്ചാൽ ആർക്കും ഗുരുതരമായ പരുക്കുകളില്ലെന്നും എല്ലാവരും സുഖം പ്രാപിച്ചുവരുന്നതായും പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ വാരാന്ത്യത്തിൽ ഒന്റാരിയോയിൽ അനുഭവപ്പെട്ട റെക്കോർഡ് ചൂടും മഴയുമാണ് മഞ്ഞുപാളികൾ ഉരുകി മാറാൻ കാരണമായത്. ശനിയാഴ്ച ഒന്റാരിയോ ലേക്കിലും സമാനമായ അപകടമുണ്ടായിരുന്നു. താപനിലയിൽ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങൾ മഞ്ഞുപാളികളെ ദുർബലമാക്കുമെന്നും അതിനാൽ തടാകങ്ങളിലും കുളങ്ങളിലും ഇറങ്ങുന്നത് ഒഴിവാക്കണമെന്നും പൊലീസ് നിർദ്ദേശിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!