കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതി ദിലീപ് ഉള്‍പ്പെടെയുള്ളവരെ വെറുതെ വിട്ട വിചാരണ കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ജസ്റ്റിസ് പി.ബി. സുരേഷ് കുമാര്‍ അടങ്ങിയ ഡിവിഷന് ബെഞ്ചാണ് അപ്പീല്‍ പരിഗണിച്ചത്. ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് കോടതി നോട്ടീസ് അയച്ചു. കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും വിചാരണ കോടതിയുടെ കണ്ടെത്തലുകള്‍ നിയമപരമായി നിലനില്‍ക്കില്ലെന്നും സര്‍ക്കാര്‍ അപ്പീലില്‍ ചൂണ്ടിക്കാട്ടുന്നു.
വിചാരണ കോടതി ഡിജിറ്റല്‍ തെളിവുകള്‍ തള്ളിയത് നിസ്സാര കാരണങ്ങള്‍ നിരത്തിയാണെന്നാണ് പ്രോസിക്യൂഷന് പ്രധാനമായും വാദിക്കുന്നത്. സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളും അതിനെ ശരിവെക്കുന്ന ഡിജിറ്റല്‍ തെളിവുകളും കോടതി വേണ്ടവിധം പരിഗണിച്ചില്ല. ആക്രമണ ദൃശ്യങ്ങള്‍ പള്‍സര്‍ സുനി ദിലീപിന്റെ വീട്ടിലെത്തിച്ചുവെന്നും, ദിലീപിന്റെ സഹോദരന് അനൂപിന്റെ ഫോണില്‍ നിന്ന് ഈ ദൃശ്യങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ കണ്ടെടുത്തുവെന്നുമുള്ള പ്രോസിക്യൂഷന് വാദങ്ങള്‍ വിചാരണ കോടതി തള്ളിക്കളഞ്ഞത് തെറ്റായ നടപടിയാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഡിജിപി, സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എന്നിവരുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഈ നീക്കം നടത്തിയത്.

അതേസമയം, കേസിലെ പ്രതികളായ പള്‍സര്‍ സുനി, വടിവാള്‍ സലീം, പ്രദീപ് എന്നിവര്‍ തങ്ങളുടെ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ തന്നെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ദൃശ്യങ്ങള്‍ ചിത്രീകരിച്ചുവെന്ന് പറയപ്പെടുന്ന ഫോണ്‍ ഇതുവരെ കണ്ടെടുക്കാന്‍ സാധിച്ചിട്ടില്ലെന്നും, അതിനാല്‍ തങ്ങള്‍ക്കെതിരായ ശിക്ഷ നിലനില്‍ക്കില്ലെന്നുമാണ് ഇവരുടെ വാദം. സര്‍ക്കാരിന്റെയും പ്രതികളുടെയും അപ്പീലുകള്‍ വരും ദിവസങ്ങളില്‍ കോടതി വിശദമായി പരിഗണിക്കും.
