ഓട്ടവ: കാനഡയിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറ്റിമറിച്ചുകൊണ്ട് നുനാവുറ്റ് എംപി ലോറി ഇഡ്‌ലൗട്ട് എന്‍ഡിപി വിട്ട് ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു. പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ നേതൃത്വത്തിലുള്ള ലിബറല്‍ കോക്കസില്‍ ചേരാനുള്ള തന്റെ തീരുമാനം ഇഡ്ലൗട്ട് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഈ മാറ്റത്തോടെ കാനഡയിലെ ലിബറല്‍ സര്‍ക്കാര്‍ ഭൂരിപക്ഷത്തിന് തൊട്ടരികിലെത്തിയിരിക്കുകയാണ്.
338 അംഗങ്ങളുള്ള കനേഡിയന്‍ പാര്‍ലമെന്റില്‍ കേവല ഭൂരിപക്ഷത്തിന് 172 സീറ്റുകളാണ് വേണ്ടത്. ലോറി ഇഡ്ലൗട്ടിന്റെ വരവോടെ ലിബറല്‍ പാര്‍ട്ടിയുടെ സീറ്റ് നില 170 ആയി ഉയര്‍ന്നു. ഭൂരിപക്ഷത്തിന് ഇനി വെറും രണ്ട് സീറ്റുകളുടെ കുറവ് മാത്രമാണുള്ളത്. ഇത് എന്‍ഡിപിക്ക് വലിയ തിരിച്ചടിയാവുകയും ഭരണകക്ഷിയായ ലിബറലുകള്‍ക്ക് അധികാരം കൂടുതല്‍ സുരക്ഷിതമാക്കാന്‍ അവസരമൊരുക്കുകയും ചെയ്തു.

പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി പ്രഖ്യാപിച്ച വരാനിരിക്കുന്ന മൂന്ന് ഉപതെരഞ്ഞെടുപ്പുകള്‍ കാനഡയുടെ ഭാവി നിര്‍ണ്ണയിക്കുന്നതില്‍ നിര്‍ണ്ണായകമാകും. ഈ മൂന്ന് സീറ്റുകളില്‍ രണ്ടെണ്ണത്തില്‍ വിജയിക്കാന്‍ സാധിച്ചാല്‍ ലിബറലുകള്‍ക്ക് 172 എന്ന മാന്ത്രിക സംഖ്യ കടക്കാനും ഭൂരിപക്ഷ സര്‍ക്കാര്‍ രൂപീകരിക്കാനും സാധിക്കും. നിലവില്‍ മറ്റ് കക്ഷികളുടെ പിന്തുണയോടെ ഭരണം തുടരുന്ന ലിബറലുകള്‍ക്ക് ഭൂരിപക്ഷം ലഭിക്കുന്നതോടെ സ്വതന്ത്രമായി നിയമനിര്‍മ്മാണങ്ങള്‍ നടത്താന്‍ സാധിക്കും.
