Wednesday, March 11, 2026

രാജ്യത്ത് ആദ്യം: ഹരീഷ് റാണയ്ക്ക് ദയാവധം അനുവദിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: കഴിഞ്ഞ 13 വര്‍ഷമായി കോമയില്‍ കഴിയുന്ന ഉത്തര്‍പ്രദേശ് സ്വദേശി ഹരീഷ് റാണയ്ക്ക് ദയാവധം അനുവദിച്ചു സുപ്രീം കോടതി. ചികിത്സാപരമായ യാതൊരു പുരോഗതിയും ഇല്ലാത്ത സാഹചര്യത്തില്‍, ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ പിന്‍വലിച്ച് സ്വാഭാവിക മരണത്തിന് അനുവദിക്കുന്ന ‘നിഷ്‌ക്രിയ ദയാവധത്തിനാണ്’ ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാല, കെ.വി. വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ച് അനുമതി നല്‍കിയത്. മകന്റെ അവസ്ഥയില്‍ മനംനൊന്ത് പിതാവ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഈ നിര്‍ണ്ണായക ഉത്തരവ്. 2018 മാര്‍ച്ച് 9-ന് നിഷ്‌ക്രിയ ദയാവധം ഇന്ത്യയില്‍ നിയമവിധേയമാക്കിയ ശേഷം സുപ്രീം കോടതി നല്‍കുന്ന ആദ്യത്തെ പ്രധാന അനുമതിയാണിത്.

ചികിത്സ തുടരുന്നത് രോഗിയുടെ ജൈവികമായ നിലനില്‍പ്പ് നീട്ടിക്കൊണ്ടുപോകുന്നതിന് അപ്പുറം യാതൊരു ഗുണവും ചെയ്യുന്നില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ച് കോടതി നിരീക്ഷിച്ചു. ‘മരണമാണോ രോഗിക്ക് നല്ലത് എന്നതല്ല ഇവിടെ ചോദ്യം, മറിച്ച് നിലവിലെ ചികിത്സ തുടരുന്നത് രോഗിയുടെ നന്മയ്ക്കാണോ എന്നതാണ്’ എന്ന് കോടതി ചൂണ്ടിക്കാട്ടി. റാണയെ എയിംസിലെ പാലിയേറ്റീവ് സെന്ററിലേക്ക് മാറ്റാനും അവിടെ വെച്ച് ഭക്ഷണത്തിനായി ഉപയോഗിക്കുന്ന ട്യൂബ് ഉള്‍പ്പെടെയുള്ള ജീവന്‍ രക്ഷാ സംവിധാനങ്ങള്‍ മാന്യമായ രീതിയില്‍ ഒഴിവാക്കാനും കോടതി നിര്‍ദ്ദേശിച്ചു.

2013-ല്‍ ചണ്ഡീഗഡില്‍ ബിരുദ വിദ്യാര്‍ത്ഥിയായിരിക്കെ താമസിച്ചിരുന്ന കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് വീണാണ് ഹരീഷ് റാണയ്ക്ക് ഗുരുതരമായി പരുക്കേറ്റത്. അന്നുമുതല്‍ അബോധാവസ്ഥയില്‍ കഴിയുന്ന മുപ്പത്തിരണ്ടുകാരനായ റാണയെ പിജിഐ ചണ്ഡീഗഡ്, എയിംസ് ഉള്‍പ്പെടെയുള്ള പ്രമുഖ ആശുപത്രികളില്‍ ചികിത്സിച്ചെങ്കിലും ഫലമുണ്ടായില്ല. 2018-ലും 2023-ലും കുടുംബം ദയാവധത്തിനായി കോടതിയെ സമീപിച്ചെങ്കിലും അപേക്ഷ തള്ളുകയായിരുന്നു. എന്നാല്‍ പുതിയ മെഡിക്കല്‍ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ അനുമതി നല്‍കുകയായിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!