ഈ വർഷം അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിൽ നിന്ന് ഇറാൻ പിന്മാറി. പരമോന്നത നേതാവ് ആയത്തുല്ല അലി ഖമെനേയി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇറാൻ കായിക മന്ത്രാലയം ഈ നിർണ്ണായക പ്രഖ്യാപനം നടത്തിയത്. തങ്ങളുടെ നേതാവിനെ വധിച്ച അമേരിക്കൻ മണ്ണിൽ നടക്കുന്ന ടൂർണമെൻ്റിൽ ഒരു കാരണവശാലും പങ്കെടുക്കില്ലെന്ന് കായിക മന്ത്രി അഹമ്മദ് ദുനിയമാലി വ്യക്തമാക്കി. രാജ്യത്തെ നിലവിലെ സുരക്ഷാ സാഹചര്യവും രാഷ്ട്രീയ സംഘർഷങ്ങളും ചൂണ്ടിക്കാട്ടിയാണ് ഇറാന്‍റെ പിന്മാറ്റം.

അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾ സംയുക്തമായാണ് 2026 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ഇറാൻ യോഗ്യത നേടിയ ഗ്രൂപ്പ് ജിയിൽ ഈജിപ്ത്, ബെൽജിയം, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളാണ് ഉള്ളത്. ഇറാന്‍റെ മത്സരങ്ങളെല്ലാം അമേരിക്കയിലാണ് ക്രമീകരിച്ചിരുന്നത്. എന്നാൽ തങ്ങളുടെ പൗരന്മാരുടെയും താരങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ കഴിയില്ലെന്നും ആയിരക്കണക്കിന് പൗരന്മാർ കൊല്ലപ്പെട്ട സാഹചര്യത്തിൽ മത്സരങ്ങളിൽ പങ്കെടുക്കുന്നത് ഉചിതമല്ലെന്നുമാണ് ഇറാന്‍റെ നിലപാട്.

ഇറാന്‍റെ പിന്മാറ്റത്തോടെ ലോകകപ്പ് ഗ്രൂപ്പ് ഘടനയിൽ വലിയ അനിശ്ചിതത്വം നിലനിൽക്കുകയാണ്. ഇറാന് പകരമായി ഏഷ്യയിൽ നിന്നുള്ള മറ്റൊരു ടീമിനെ ഉൾപ്പെടുത്താനാണ് ഫിഫയുടെ ആലോചന. യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) അല്ലെങ്കിൽ ഇറാഖ് എന്നിവരിൽ ഒരാളാകും ഇറാന് പകരക്കാരായി എത്തുകയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഔദ്യോഗികമായി പിന്മാറുന്ന പക്ഷം ഇറാന് വലിയ പിഴയും ഭാവി ടൂർണമെൻ്റുകളിൽ വിലക്കും നേരിടേണ്ടി വരുമെന്ന് ഫിഫ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
