ടൊറന്റോ: ടൊറന്റോയില്‍ ഇ-ബൈക്ക് മോഷണം അന്വേഷിക്കുന്നതിനിടെ പോലീസുകാരന് വെടിയേറ്റു. വ്യാഴാഴ്ച പുലര്‍ച്ചെ ഡൗണ്ടൗണ് മേഖലയിലുള്ള സെന്റ് ജെയിംസ് ടൗണിലാണ് സംഭവം. വെടിവെപ്പുമായി ബന്ധപ്പെട്ട് 27 കാരനായ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
സംശയകരമായ സാഹചര്യത്തില്‍ കണ്ട പ്രതിയെ പിന്തുടര്ന്ന് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥന് തുടയില്‍ വെടിയേറ്റത്. പോലീസുകാര്‍ തിരികെ വെടിവെച്ചില്ലെന്ന് ഡെപ്യൂട്ടി ചീഫ് ലോറന് പോഗ് (Lauren Pogue) മാധ്യമങ്ങളോട് പറഞ്ഞു. പരുക്കേറ്റ ഉദ്യോഗസ്ഥന് സഹപ്രവര്‍ത്തകര്‍ ഉടന്‍ തന്നെ അടിയന്തര പ്രഥമശുശ്രൂഷ നല്‍കുകയും തുടര്‍ന്ന് സെന്റ് മൈക്കിള്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഉദ്യോഗസ്ഥന്റെ പരുക്ക് ഗുരുതരമാണെങ്കിലും അപായനില തരണം ചെയ്തിട്ടുണ്ട്.

സംഭവസ്ഥലത്ത് നിന്ന് തന്നെ പ്രതിയെ തോക്ക് സഹിതം പിടികൂടിയതായി പോലീസ് അറിയിച്ചു. തോക്കുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യത്തില്‍ കഴിയുകയായിരുന്ന പ്രതി, പീല്‍ റീജനിലും വാട്ടര്‍ലൂവിലും മറ്റ് ഗുരുതര കുറ്റകൃത്യങ്ങള്‍ക്ക് തിരയപ്പെടുന്നയാളാണ്. കേസില്‍ ഉള്‍പ്പെട്ട രണ്ടാമത്തെ പ്രതിക്കായി തിരച്ചില്‍ തുടരുകയാണ്.
ചെറിയൊരു മോഷണക്കേസ് അന്വേഷിക്കാനെത്തിയ പോലീസിന് നേരെ തോക്കുചൂണ്ടിയത് കടുത്ത ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്ന് ഡെപ്യൂട്ടി ചീഫ് പറഞ്ഞു. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ ടൊറന്റോ മേയര്‍ ഒലീവിയ ചൗ ഉദ്യോഗസ്ഥന് വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുകയും പോലീസിന്റെ സമയബന്ധിതമായ ഇടപെടലിനെ പ്രശംസിക്കുകയും ചെയ്തു.
