വൻകൂവർ : അതിശക്തമായ കൊടുങ്കാറ്റിൽ ഫ്രേസർ വാലി, മെട്രോ വൻകൂവർ എന്നിവിടങ്ങളിൽ പതിനായിരങ്ങൾ ഇരുട്ടിലായി. ചില്ലിവാക്കിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. എന്നാൽ അബോട്ട്സ്ഫോർഡ്, ഹോപ്പ്, മിഷൻ, കെന്റ് എന്നിവിടങ്ങളിലടക്കം ഫ്രേസർ വാലിയിലുടനീളവും നോർത്ത് വൻകൂവർ, വെസ്റ്റ് വൻകൂവർ, സറേ എന്നിവിടങ്ങളിലും വൈദ്യുതി തടസ്സപ്പെട്ടിട്ടുണ്ട്. കിഴക്കൻ ഫ്രേസർ വാലിയിൽ മണിക്കൂറിൽ 90 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശുമെന്ന് ബുധനാഴ്ച എൻവയൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകിയിരുന്നു.

വ്യാഴാഴ്ച രാവിലെ 9 മണി വരെ, ലോവർ മെയിൻലാൻഡിലെ ഇരുപത്തിനായിരത്തോളം ആളുകൾക്ക് വൈദ്യുതി തടസ്സം നേരിടുന്നതായി ബിസി ഹൈഡ്രോ റിപ്പോർട്ട് ചെയ്തിരുന്നു. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി വൈദ്യുതി പുനഃസ്ഥാപിക്കാൻ ജീവനക്കാർ പ്രവർത്തിക്കുന്നുണ്ടെന്നും ഏജൻസി അറിയിച്ചു.
