ദോഹ: ഖത്തറിലെ സിവിലിയന്‍ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാന് വീണ്ടും ആക്രമണത്തിന് ശ്രമിച്ചതായി ഖത്തര്‍ വിദേശകാര്യ വക്താവ് മാജിദ് അല്‍ അന്‍സാരി വെളിപ്പെടുത്തി. ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ ഈ നീക്കത്തെ ഖത്തര്‍ സായുധ സേന വിജയകരമായി നിര്‍വീര്യമാക്കി. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടിയായി രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നുവെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു.

ഇറാന് ആക്രമണങ്ങള്‍ ഉടനടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, ആവശ്യമെങ്കില്‍ തിരിച്ചടി നല്കാന് ഖത്തറിന് അവകാശമുണ്ടെന്നും വ്യക്തമാക്കി. നിലവില്‍ അമേരിക്കയും ഇറാനും തമ്മില്‍ നേരിട്ടുള്ള മധ്യസ്ഥ ചര്‍ച്ചകളൊന്നും നടക്കുന്നില്ല. എന്നാല്‍ ഹോര്‍മുസ് കടലിടുക്ക് സുരക്ഷിതമായി തുറക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ അന്താരാഷ്ട്ര കക്ഷികളുമായി ചര്‍ച്ചകള്‍ തുടരുകയാണ്. തങ്ങള്‍ ഈ യുദ്ധത്തിന്റെ ഭാഗമല്ലെന്നും, ഈജിപ്തുള്‍പ്പെടെയുള്ള അറബ് രാജ്യങ്ങളുമായുള്ള ഖത്തറിന്റെ സഹകരണം മേഖലയിലെ സമാധാനം ലക്ഷ്യമിട്ടുള്ളതാണെന്നും മാജിദ് അല്‍ അന്‍സാരി കൂട്ടിച്ചേര്‍ത്തു.
