ഓട്ടവ : പ്രവിശ്യയിൽ സ്ഥിരതാമസം ആഗ്രഹിക്കുന്ന വിദേശികൾക്ക് അനുകൂല നടപടിയുമായി ഒൻ്റാരിയോ സർക്കാർ. കുടിയേറ്റ നടപടികൾ വേഗത്തിലാക്കുക എന്ന ലക്ഷ്യത്തോടെ ഒൻ്റാരിയോ ഇമിഗ്രേഷൻ ആക്ടിൽ (OIA) ഭേദഗതി വരുത്തി. ഇതോടെ പുതിയ ഒൻ്റാരിയോ ഇമിഗ്രൻ്റ് നോമിനി പ്രോഗ്രാം സെലക്ഷൻ സ്ട്രീമുകൾ സൃഷ്ടിക്കുന്നതിനോ നിലവിൽ ഉള്ളവ നീക്കം ചെയ്യുന്നതിനോ മന്ത്രിക്ക് അധികാരം ലഭിക്കും. 2015 ലെ ഒൻ്റാരിയോ ഇമിഗ്രേഷൻ ആക്ടിന് കീഴിലുള്ള ഒൻ്റാരിയോ റെഗുലേഷൻ 421/17 ലെ റെഗുലേറ്ററി മാറ്റങ്ങൾ മെയ് 30 ന് പ്രാബല്യത്തിൽ വരുമെന്നും പ്രവിശ്യാ സർക്കാർ അറിയിച്ചു.

നിയമമാറ്റത്തോടെ ഒൻ്റാരിയോയിലെ തൊഴിൽ മേഖലയ്ക്ക് അനുയോജ്യമായ കുടിയേറ്റക്കാരെ തിരഞ്ഞെടുക്കാൻ പുതിയ സ്ട്രീമുകൾ ആരംഭിക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചു. പഴയ ചില സ്ട്രീമുകൾ മാറ്റുകയും നിലവിലെ അവസ്ഥയ്ക്ക് അനുസരിച്ച് പുതിയ സ്ട്രീമുകൾ കൊണ്ടുവരികയുമാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. ‘വർക്കിങ് ഫോർ വർക്കേഴ്സ് സെവൻ ആക്ട് 2025’ എന്ന പുതിയ നിയമത്തിന്റെ ഭാഗമായാണ് ഈ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. ഇത് വഴി അപേക്ഷകൾ പരിശോധിക്കുന്നത് ഉൾപ്പെടെയുള്ള ഇമിഗ്രേഷൻ നടപടികൾ കുറച്ചുകൂടി ലളിതമാകും.

അതേസമയം നിയമങ്ങൾ കൂടുതൽ കർശനമാക്കുന്നതിന്‍റെ ഭാഗമായി അപേക്ഷയിൽ എന്തെങ്കിലും കള്ളത്തരമോ തെറ്റായ വിവരങ്ങളോ ഉണ്ടെങ്കിൽ കടുത്ത പിഴയും നടപടിയും ഉണ്ടാകും. കൂടാതെ അപേക്ഷ നിരസിക്കപ്പെട്ടാൽ, അത് അറിയിച്ചുകൊണ്ടുള്ള കത്തുകൾ ഇമെയിൽ വഴിയോ നേരിട്ടോ ലഭിക്കും.
