Wednesday, March 18, 2026

‘പേട്രിയറ്റ്’ ആവേശത്തിൽ മമ്മൂട്ടി, സിംബയ്‌ക്കൊപ്പം ലാലേട്ടൻ

മലയാളത്തിന്റെ ബിഗ് എംസ് ഒരേസമയം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. വരാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘പേട്രിയറ്റിന്റെ’ ഡബ്ബിങ് വിശേഷങ്ങളുമായി മമ്മൂട്ടിയെത്തിയപ്പോൾ, തന്റെ പ്രിയപ്പെട്ട വളർത്തുമൃഗത്തിനൊപ്പമുള്ള ക്യൂട്ട് ചിത്രവുമായാണ് മോഹൻലാൽ എത്തിയത്. ആരാധകർ ഏറ്റെടുത്ത ഈ താരചിത്രങ്ങളുടെ വിശേഷങ്ങളിലേക്ക്.

മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ‘പേട്രിയറ്റ്’ എന്ന ചിത്രത്തിന്റെ ഡബ്ബിങ് പുരോഗമിക്കുകയാണ്. നടി ലിസിയുടെ ഉടമസ്ഥതയിലുള്ള ‘ലെ മാജിക് ലാന്റേൺ’ സ്റ്റുഡിയോയിൽ നിന്നുള്ള ചിത്രമാണ് മമ്മൂട്ടി ചൊവ്വാഴ്ച പങ്കുവെച്ചത്. മൈക്കിന് മുന്നിൽ അതീവ ഗൗരവത്തോടെ സംഭാഷണങ്ങൾ പറയാനൊരുങ്ങുന്ന മെഗാസ്റ്റാറിന്റെ ചിത്രം നിമിഷങ്ങൾക്കകമാണ് വൈറലായത്. സിങ്ക് സൗണ്ട് അല്ലാത്തതിനാൽ മമ്മൂട്ടിയുടെ തനതായ ശബ്ദഗാംഭീര്യം ഈ ചിത്രത്തിൽ ആവോളം അനുഭവിക്കാമെന്ന ആവേശത്തിലാണ് ആരാധകർ.

നേരത്തെ ഇതേ സ്റ്റുഡിയോയിൽ മമ്മൂട്ടിക്കും സംവിധായകൻ പ്രിയദർശനുമൊപ്പമുള്ള ചിത്രം ലിസി പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഔദ്യോഗികമായി മമ്മൂട്ടി തന്നെ ഡബ്ബിങ് ചിത്രം പുറത്തുവിട്ടത്. ‘പേട്രിയറ്റ്’ എന്ന ഹാഷ്ടാഗോടെ പങ്കുവെച്ച ചിത്രത്തിന് താഴെ ആശംസകളുമായി ആരാധകർ കമന്റ് ബോക്സ് നിറയ്ക്കുകയാണ്.

മറുഭാഗത്ത്, മോഹൻലാൽ തന്റെ വളർത്തുമൃഗങ്ങളോടുള്ള സ്നേഹം ഒരിക്കൽ കൂടി പ്രകടിപ്പിച്ചിരിക്കുകയാണ്. ‘സിംബ’ എന്ന് പേരുള്ള തന്റെ നായയ്ക്കൊപ്പമുള്ള ചിത്രമാണ് താരം പങ്കുവെച്ചത്. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘L366’ എന്ന ചിത്രത്തിലെ ലുക്കിലാണ് താരം ചിത്രത്തിലുള്ളത്. “സിംബ പേരിനൊത്ത് ജീവിക്കുക മാത്രമല്ല, അതിനെ നിർവചിക്കുക തന്നെ ചെയ്യുന്നു” എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ചിത്രം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗാണ്.

മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ‘പേട്രിയറ്റ്’ ഏപ്രിൽ 23-ന് തിയേറ്ററുകളിലെത്തും. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര തുടങ്ങി വൻ താരനിര അണിനിരക്കുന്ന ഈ ചിത്രം മലയാള സിനിമയിലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നാകുമെന്നാണ് കരുതപ്പെടുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!