ഫ്രെഡറിക്ടൺ : ന്യൂ ബ്രൺസ്‌വിക്ക് മിറാമിച്ചിയിലെ സെന്റേനിയൽ ബ്രിഡ്‌ജ് അറ്റകുറ്റപ്പണികൾക്കായി അടച്ചിടുന്ന തീയതികളിൽ മാറ്റം വരുത്തിയതായി ഗതാഗത മന്ത്രി ചക് ചിയാസൺ അറിയിച്ചു.പുതുക്കിയ തീരുമാനപ്രകാരം ഏപ്രിൽ 6 തിങ്കളാഴ്ച മുതലായിരിക്കും ബ്രിഡ്‌ജ് പൂർണ്ണമായും അടച്ചിടുക. നേരത്തെ ഏപ്രിൽ 1 മുതൽ ബ്രിഡ്‌ജ് അടയ്ക്കാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും പ്രാദേശിക വ്യാപാര സ്ഥാപനങ്ങളുടെയും ജനങ്ങളുടെയും നിർദ്ദേശങ്ങൾ പരിഗണിച്ചാണ് ഈ മാറ്റം. ഈസ്റ്റർ വാരാന്ത്യത്തിലെ തിരക്ക് കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്ന് മന്ത്രി വ്യക്തമാക്കി.

ഏപ്രിൽ 6-ന് അടയ്ക്കുന്ന ബ്രിഡ്‌ജ് ഡിസംബർ 1 വരെ ഗതാഗതത്തിനായി തുറന്നു നൽകില്ല .പാലം അടയ്ക്കുന്ന തീയതി അടുക്കുന്ന സാഹചര്യത്തിൽ ആളുകൾ തങ്ങളുടെ യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്നും പകരം റൂട്ടുകൾ കണ്ടെത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു. മിറാമിച്ചിയിൽ നടന്ന ഓപ്പൺ ഹൗസ് പരിപാടിയിൽ ജനങ്ങളിൽ നിന്ന് ലഭിച്ച പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണ് സർക്കാരിന്റെ ഈ നടപടി.
