ടൊറൻ്റോ : നീണ്ട ശൈത്യകാലത്തിന് ശേഷം കാനഡ ഇന്ന് വസന്തകാലത്തെ വരവേൽക്കും. മാർച്ച് 20 രാവിലെ 10.46-ന് ഔദ്യോഗികമായി വസന്തകാലത്തിന് തുടക്കം കുറിക്കും. വസന്തകാലത്തിന്‍റെ ആരംഭം പൂക്കൾ വിരിയുന്നതിനും പുറത്തേക്ക് പോകാനും ശൈത്യകാലത്തെ കനത്ത ജാക്കറ്റുകൾ പായ്ക്ക് ചെയ്ത് വീണ്ടും യാത്ര ചെയ്യാനും സമയമായി എന്നതിന്‍റെ സൂചനയാണ്. വസന്തകാലം വന്നെത്തുന്നതോടെ കാനഡയിലെങ്ങും വിനോദസഞ്ചാര മേഖലയിൽ പുത്തനുണർവ്വ് പ്രതീക്ഷിക്കുന്നു.

ഈ വർഷം ടൊറൻ്റോയിൽ അതിശൈത്യകാലം പതിവിലും കൂടുതൽ നീണ്ടതോടെ ജനജീവിതം ദുസ്സഹമായിരുന്നു. വസന്തകാലത്തിന്‍റെ വരവിന് മുന്നോടിയായി സൂര്യൻ ജ്വലിച്ചതോടെ നഗരത്തിലെ മിക്ക പാർക്കുകളിലും ഉരുകി തുടങ്ങിയിട്ടുണ്ട്. ഇതോടെ പ്രകൃതിയുടെ മാറ്റം ആസ്വദിക്കാൻ ജനങ്ങൾ പുറത്തിറങ്ങാനും ആരംഭിച്ചു. ഹൈ പാർക്ക് ഉൾപ്പെടെയുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വരും ദിവസങ്ങളിൽ ചെറി ബ്ലോസം വിരിയുന്നതോടെ നഗരം കൂടുതൽ സുന്ദരമായ കാഴ്ചയിലേക്ക് ചുവടുവെക്കും.

ഈ ആഴ്ചയോടെ ടൊറൻ്റോ ഹൈ പാർക്കിൽ ചെറി പൂക്കൾ വിരിയും. ഒരിലപോലുമില്ലാതെ പിങ്കും വെള്ളയും നിറങ്ങളിലുള്ള ചെറി പൂക്കള്‍ നിറഞ്ഞ മരങ്ങള്‍ നഗരത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. ചെറി ബ്ലോസം പൂവിടുന്നതോടെ പതിനായിരക്കണക്കിന് ആളുകളാണ് വർഷം തോറും ഹൈ പാർക്കിലേക്ക് ഒഴുകിയെത്താറ്. സാധാരണ ഏപ്രില്‍ അവസാനം മുതല്‍ മെയ് ആദ്യ ദിവസങ്ങളില്‍ വരെ നീളുന്നതാണ് ടൊറൻ്റോയിലെ ചെറി പൂക്കളുടെ വസന്തകാലം. പൂക്കൾ പൂവിടുന്ന സമയത്ത് തണുത്ത കാലാവസ്ഥയാണെങ്കിൽ ആളുകൾക്ക് കൂടുതൽ കാലം പൂക്കൾ കാണാൻ സാധിക്കും. പൊതുവില്‍ ചെറി മരങ്ങള്‍ പൂക്കുന്ന സമയത്ത് നഗരത്തിൽ മനോഹരമായ കാലാവസ്ഥയാണുണ്ടാവുക. എങ്കിലും ചിലയിടങ്ങളിലെങ്കിലും മഴയും കാറ്റും പ്രതീക്ഷിക്കാം. ചെറി മരങ്ങള്‍ പൂത്തു നില്‍ക്കുമ്പോള്‍ മഴ പെയ്താല്‍ പെട്ടെന്നു തന്നെ പൂക്കള്‍ കൊഴിഞ്ഞു പോവുകയും ചെയ്യും.
