ഹാലിഫാക്സ് : വടക്കുകിഴക്കൻ യുഎസിൽ ആരംഭിച്ച ന്യൂനമർദ്ദത്തെ തുടർന്നുള്ള കനത്ത മഞ്ഞുവീഴ്ചയും മഴയും മാരിടൈംസ് പ്രവിശ്യകളിൽ ശനിയാഴ്ചയും തുടരുമെന്ന് എൻവയൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകി. ന്യൂബ്രൺസ്വിക്കിന്‍റെ ബേ ഓഫ് ഫണ്ടി തീരപ്രദേശം, പ്രിൻസ് എഡ്വേഡ് ഐലൻഡ്, നോവസ്കോഷയുടെ ഉൾപ്രദേശങ്ങൾ, കെയ്പ് ബ്രെറ്റൺ എന്നിവിടങ്ങളിൽ അഞ്ച് മുതൽ 10 സെൻ്റീമീറ്റർ വരെ മഞ്ഞ് വീഴാൻ സാധ്യതയുണ്ട്.

വടക്കു കിഴക്കൻ യുഎസിൽ നിന്നും ആരംഭിക്കുന്ന രണ്ടാമത്തെ ന്യൂനമർദ്ദം ഞായറാഴ്ച ഉച്ചകഴിഞ്ഞും വൈകുന്നേരവും മാരിടൈംസിൽ വീണ്ടും കനത്ത മഞ്ഞുവീഴ്ചയ്ക്ക് കാരണമാകും. ആദ്യഘട്ടത്തിൽ തെക്കുപടിഞ്ഞാറൻ ന്യൂബ്രൺസ്വികിലും പടിഞ്ഞാറൻ നോവസ്കോഷയിലും മഞ്ഞുവീഴ്ച ആരംഭിക്കും. തുടർന്ന് തിങ്കളാഴ്ച രാവിലെ നോവസ്കോഷയിലും തുടർന്ന് തെക്കൻ ന്യൂബ്രൺസ്വിക്കിലും പ്രിൻസ് എഡ്വേഡ് ഐലൻഡിലും മഞ്ഞുവീഴ്ച തുടരും. തിങ്കളാഴ്ച രാത്രിയോടെ മഞ്ഞുവീഴ്ച അവസാനിക്കുമെന്നാണ് പ്രതീക്ഷ.
