Saturday, March 21, 2026

മിഡിൽ ഈസ്റ്റിലെ യുദ്ധം: തെറ്റായ വിവരങ്ങൾ പങ്കുവെക്കരുതെന്ന് മുന്നറിയിപ്പ് നൽകി കാനഡ

ഓട്ടവ : മിഡിൽ ഈസ്റ്റിൽ താമസിക്കുന്നതോ യാത്ര ചെയ്യുന്നതോ ആയ കനേഡിയൻ പൗരന്മാർ യുദ്ധ വിഡിയോകൾ സോഷ്യൽ മീഡിയയിൽ അടക്കം പോസ്റ്റ് ചെയ്യരുതെന്ന് മുന്നറിയിപ്പ് നൽകി ഗ്ലോബൽ അഫയേഴ്സ് കാനഡ. സൈനിക നടപടികളുടെ വിഡിയോകളോ ഫോട്ടോകളോ ചിത്രീകരിക്കാനോ പങ്കുവെക്കാനോ കൈവശം വെക്കാനോ പാടില്ലെന്ന് ഫെഡറൽ ഏജൻസി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത്തരത്തിലുള്ള ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിപ്പിക്കുന്ന വിദേശികളെ മിഡിൽ ഈസ്റ്റിലെ പല രാജ്യങ്ങളും അറസ്റ്റ് ചെയ്യുന്ന സാഹചര്യത്തിലാണ് ഈ നടപടി. കൂടാതെ ബഹ്‌റൈൻ, കുവൈറ്റ്, ഖത്തർ, യുഎഇ എന്നീ രാജ്യങ്ങളിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് കാനഡ തങ്ങളുടെ പൗരന്മാരോട് നിർദ്ദേശിച്ചു. ഒമാൻ, സൗദി അറേബ്യ എന്നിവിടങ്ങളിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാനും നിർദ്ദേശമുണ്ട്.

ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) എന്നീ രാജ്യങ്ങളിലുള്ള കനേഡിയൻ പൗരന്മാർ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഏജൻസി മുന്നറിയിപ്പ് നൽകി. ഇറാൻ-ഇസ്രയേൽ-യുഎസ് യുദ്ധം മൂലം മേഖലയിൽ സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ ജാഗ്രതാ നിർദ്ദേശം. ഗൾഫ് മേഖലയിൽ ഇറാൻ നടത്തിയ ഡ്രോൺ-മിസൈൽ ആക്രമണങ്ങളെത്തുടർന്ന് സോഷ്യൽ മീഡിയ പ്രവർത്തനങ്ങളിൽ ഗവൺമെൻ്റുകൾ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ആക്രമണങ്ങളുടെ വിഡിയോ പോസ്റ്റ് ചെയ്യുകയോ കമൻ്റ് ചെയ്യുകയോ ചെയ്യുന്ന വിദേശികൾക്കെതിരെ യുഎഇ അധികൃതർ സൈബർ ക്രൈം നിയമപ്രകാരം കേസെടുക്കുന്നുണ്ട്. വൻതുക പിഴ, ജയിൽ ശിക്ഷ, നാടുകടത്തൽ എന്നിവയാണ് ഇതിനുള്ള ശിക്ഷകൾ.

ഇറാൻ ആക്രമണങ്ങളെക്കുറിച്ചുള്ള ചിത്രങ്ങളും “തെറ്റായ വിവരങ്ങളും” പങ്കുവെച്ചതിന് ഖത്തറിൽ മുന്നൂറിലധികം പേരെ അറസ്റ്റ് ചെയ്തു. ആറ് ഏഷ്യൻ പൗരന്മാർക്കെതിരെ ബഹ്‌റൈനും കേസെടുത്തിട്ടുണ്ട്. കുവൈറ്റിലും സമാനമായ രീതിയിൽ ദൃശ്യങ്ങൾ പകർത്തിയവരെയും സർക്കാരിനെ പരിഹസിച്ചവരെയും തടങ്കലിലാക്കിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!