ന്യൂയോര്‍ക്ക് : മൺട്രിയോൾ ട്രൂഡോ ഇന്‍റർനാഷണൽ എയർപോർട്ടിൽ നിന്നും ന്യൂയോര്‍ക്കിലെ ലാഗ്വാര്‍ഡിയ എയർപോർട്ടിലേക്ക് വന്ന എയർ കാനഡ വിമാനം ഫയര്‍ ട്രക്കുമായി കൂട്ടിയിടിച്ച് രണ്ടുപേര്‍ കൊല്ലപ്പെട്ടു. പൈലറ്റും കോ പൈലറ്റുമാണ് അപകടത്തിൽ മരിച്ചത്. ഞായറാഴ്ച രാത്രി 11:40 ഓടെയാണ് സംഭവം. ജാസ് എയർലൈൻസ് ബൊംബാർഡിയെ CRJ-900 ജെറ്റ് വിമാനം ലാൻഡിങിന് ശേഷം ഗേറ്റിലേക്ക് നീങ്ങുന്നതിനിടെയാണ് റൺവേയിലുണ്ടായിരുന്ന ഫയർ ട്രക്കിൽ ഇടിച്ചത്.

അപകടത്തിൽ നാല് പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവർ പോർട്ട് അതോറിറ്റി പൊലീസ് വിഭാഗത്തിലെ അഗ്നിശമന സേനാംഗങ്ങളാണ്. ഇവരുടെ പരുക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. നൂറോളം യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ന്യൂയോർക്കിൽ ഞായറാഴ്ച അനുഭവപ്പെട്ട കനത്ത മഴയും മോശമായ കാലാവസ്ഥയും വിസിബിലിറ്റി കുറച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. മോശം കാലാവസ്ഥയെക്കുറിച്ച് വിമാനത്താവള അധികൃതർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. അപകടത്തെത്തുടർന്ന് വിമാനത്താവളം പൂർണ്ണമായും അടച്ചിടാൻ എഫ്.എ.എ (FAA) ഉത്തരവിട്ടു. സംഭവത്തിൽ എയർ കാനഡയും പോർട്ട് അതോറിറ്റിയും അന്വേഷണം ആരംഭിച്ചു.
