ന്യൂ മെക്സിക്കോ : കുട്ടികളുടെ ഓൺലൈൻ സുരക്ഷയിൽ വീഴ്ച വരുത്തിയ സോഷ്യൽ മീഡിയ ഭീമൻ മെറ്റയ്ക്ക് (Meta) യുഎസിലെ ന്യൂ മെക്സിക്കോ കോടതി 37.5 കോടി ഡോളർ (ഏകദേശം 3,100 കോടി രൂപ) പിഴ വിധിച്ചു. മെറ്റയുടെ ഉടമസ്ഥതയിലുള്ള ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നീ പ്ലാറ്റ്‌ഫോമുകൾ കുട്ടികളെ അപകടത്തിലാക്കുന്നു എന്ന വാദങ്ങൾ അംഗീകരിച്ചുകൊണ്ടാണ് സാന്താ ഫേയിലെ ജൂറി ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്. കുട്ടികളുടെ ഓൺലൈൻ സുരക്ഷയുമായി ബന്ധപ്പെട്ട് മെറ്റ നേരിടുന്ന ആദ്യത്തെ ജൂറി വിധിയാണിത്. പിഴത്തുകയേക്കാൾ ഉപരിയായി, തങ്ങളുടെ പ്ലാറ്റ്‌ഫോമുകൾ കുട്ടികൾക്ക് ദോഷകരമാണെന്ന് അറിഞ്ഞിട്ടും അത് മറച്ചുവെച്ച മെറ്റയുടെ നടപടിക്കേറ്റ തിരിച്ചടിയായാണ് ഈ വിധി വിലയിരുത്തപ്പെടുന്നത്.

2023-ൽ ന്യൂ മെക്സിക്കോ സർക്കാർ നടത്തിയ രഹസ്യ അന്വേഷണത്തിന് ശേഷമാണ് വിധി. 14 വയസ്സിൽ താഴെയുള്ള കുട്ടികളുടേതെന്ന വ്യാജേന അന്വേഷണ ഉദ്യോഗസ്ഥർ ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും വ്യാജ അക്കൗണ്ടുകൾ നിർമ്മിച്ചു. ഈ അക്കൗണ്ടുകളിലേക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചതിനും കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ചതിനും 2024 മേയ് മാസത്തിൽ നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുട്ടികളെ ലക്ഷ്യം വയ്ക്കുന്നവർക്ക് പ്ലാറ്റ്‌ഫോമുകൾ എത്രത്തോളം സൗകര്യമൊരുക്കുന്നു എന്ന് തെളിയിക്കുന്നതായിരുന്നു ഈ അന്വേഷണം.
വിചാരണ വേളയിൽ മെറ്റയിലെ മുൻ ജീവനക്കാർ നൽകിയ മൊഴി കമ്പനിക്ക് വലിയ തിരിച്ചടിയായി. മെറ്റയിലെ മുൻ എൻജിനീയറിങ് മേധാവി ആർതുറോ ബെജാർ, തന്‍റെ 14 വയസ്സുകാരിയായ മകൾക്ക് ഇൻസ്റ്റാഗ്രാമിൽ നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ ചൂണ്ടിക്കാട്ടി എക്സിക്യൂട്ടീവുമാർക്ക് മുന്നറിയിപ്പ് നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് വെളിപ്പെടുത്തി. പരസ്യങ്ങൾക്കായി ആളുകളെ തരംതിരിക്കാൻ ഉപയോഗിക്കുന്ന അതേ അൽഗോരിതങ്ങൾ കുട്ടികളെ തിരയുന്ന വേട്ടക്കാർക്കും (predators) സഹായകരമാകുന്നുണ്ടെന്ന് അദ്ദേഹം കോടതിയിൽ പറഞ്ഞു. മറ്റൊരു മുൻ വൈസ് പ്രസിഡൻ്റായ ബ്രയാൻ ബോളണ്ട്, സുരക്ഷയേക്കാൾ മറ്റ് കാര്യങ്ങൾക്കാണ് കമ്പനി മുൻഗണന നൽകുന്നതെന്ന് മൊഴി നൽകിയിട്ടുണ്ട്.

അതേസമയം, മേയ് 4-ന് ആരംഭിക്കുന്ന കേസിലെ രണ്ടാം ഘട്ട വിചാരണയിൽ മെറ്റയുടെ പ്ലാറ്റ്‌ഫോമുകളിൽ പ്രായ പരിശോധന (Age verification) കർശനമാക്കുന്നത് ഉൾപ്പെടെയുള്ള മാറ്റങ്ങൾ വരുത്താൻ കോടതി ഉത്തരവിട്ടേക്കാം. ലൊസാഞ്ചലസിലും സമാനമായ മറ്റൊരു കേസ് മെറ്റയ്ക്കും യൂട്യൂബിനുമെതിരെ നടക്കുന്നുണ്ട്.
