വൻകൂവർ : തീവ്രവാദ ബന്ധ ആരോപണം നേരിടുന്ന കനേഡിയൻ കമ്പനിയെക്കുറിച്ച് ദേശീയ സുരക്ഷാ ഏജൻസികൾ അന്വേഷണം ആരംഭിച്ചതായി പൊതുസുരക്ഷാ മന്ത്രി ഗാരി അനന്തസംഗരി. ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ള ഗ്രൂപ്പുമായി സാമ്പത്തിക ബന്ധമുള്ള ബ്രിട്ടിഷ് കൊളംബിയയിലെ കമ്പനിക്കെതിരെ ആർസിഎംപിയും കനേഡിയൻ സെക്യൂരിറ്റി ഇന്‍റലിജൻസ് സർവീസുമാണ് അന്വേഷണം നടത്തുന്നത്. ഹിസ്ബുള്ള സാമ്പത്തിക സഹായിയായ അലാ ഹസ്സൻ ഹാമി നേതൃത്വം നൽകുന്ന ‘സെവൻ സീസ് ഫോർ ഇന്‍റർനാഷണൽ ട്രേഡിങ് ആൻഡ് ലോജിസ്റ്റിക്സ്’ എന്ന കനേഡിയൻ കമ്പനിക്കെതിരെ യുഎസ് സർക്കാർ ഉപരോധം ഏർപ്പെടുത്തിയതിന് പിന്നാലെയാണ് അന്വേഷണം. ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മൂന്ന് ഡയറക്ടർമാർ ചേർന്ന് 2022-ലാണ് കമ്പനിക്ക് തുടക്കം കുറിച്ചത്. 1982-ൽ സ്ഥാപിതമായ ഹിസ്ബുള്ളയെ കാനഡയും ഒരു ഭീകര സംഘടനയായാണ് കണക്കാക്കുന്നത്. ലോകത്തിലെ ഏറ്റവും സാങ്കേതിക ശേഷിയുള്ള ഭീകര ഗ്രൂപ്പുകളിൽ ഒന്നായാണ് പബ്ലിക് സേഫ്റ്റി കാനഡ ഹിസ്ബുള്ളയെ വിശേഷിപ്പിക്കുന്നത്.

അതേസമയം ഫെഡറൽ ഏജൻസികളുമായി കൂടിയാലോചിച്ച ശേഷമായിരിക്കും കമ്പനിക്കെതിരെ നടപടി സ്വീകരിക്കുകയെന്ന് ബിസി ധനകാര്യ മന്ത്രാലയം ഒരു പ്രസ്താവനയിൽ പറഞ്ഞു. കമ്പനിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ആർസിഎംപിയോ സിഎസ്‌ഐഎസോ ഇതുവരെ മറുപടി നൽകിയിട്ടില്ല. ഗ്ലോബൽ അഫയേഴ്‌സ് കാനഡയും ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
