പത്തനംതിട്ട: ശബരിമല കൊടിമര പുനര്‍നിര്‍മ്മാണത്തില്‍ ക്രമക്കേട് നടന്നെന്ന ആരോപണത്തില്‍ തെളിവുകളില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. യുഡിഎഫ് ഭരണസമിതിയുടെ കാലത്ത് നിര്‍മ്മാണത്തില്‍ അഴിമതി നടന്നെന്ന പരാതിയില്‍ നടത്തിയ ത്വരിതാന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് ഇന്ന് ഹൈക്കോടതിക്ക് കൈമാറും. നിര്‍മ്മാണത്തിനായി ഭക്തര്‍ സംഭാവനയായി നല്കിയ 412 ഗ്രാം സ്വര്‍ണ്ണവും വാജിവാഹന, അഷ്ടദിക് പാലകര്‍ എന്നിവയുടെ നിര്‍മ്മാണത്തിനായി പൂര്‍ണ്ണമായും ഉപയോഗിച്ചുവെന്നും ഇതിന് ദേവസ്വം രസീതുകള്‍ കൃത്യമായി നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കൊടിമര നിര്‍മ്മാണത്തിനായി സ്വര്‍ണ്ണം സംഭാവന നല്കിയ പ്രമുഖ നടന്മാരും സംവിധായകരും ഉള്‍പ്പെടെ 27 പേരില്‍ 23 പേരുടെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തി. മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, പ്രിയദര്ശന്, ഷാജി കൈലാസ്, രഞ്ജി പണിക്കര്‍ തുടങ്ങിയവരാണ് സ്വര്‍ണ്ണം നല്‍കിയത്. ഇതില്‍ നാല് പേരുടെ വിശദാംശങ്ങള്‍ കണ്ടെത്താനായില്ലെന്നും വിജിലന്‍സ് അറിയിച്ചു. സ്വര്‍ണ്ണപ്പാളികളില്‍ അട്ടിമറി നടന്നില്ലെന്നായിരുന്നു ആദ്യ പരിശോധനാ ഫലമെങ്കിലും ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ നടത്തിവരികയാണ്.

കൊടിമരത്തിലെ സ്വര്‍ണ്ണപ്പാളികളുടെ 36 സാമ്പിളുകള്‍ ജാംഷെഡ്പൂരിലെ നാഷണല്‍ മെറ്റലര്‍ജിക്കല്‍ ലബോറട്ടറിയിലേക്ക് വിശദമായ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം ഇതുവരെ ലഭിക്കാത്തതിനാല്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ പ്രത്യേക അന്വേഷണസംഘം (SIT) കൂടുതല്‍ സമയം തേടുമെന്നാണ് വിവരം. പരിശോധനാ ഫലം ലഭിച്ച ശേഷം പ്രതികളെ ഒരിക്കല്‍ കൂടി ചോദ്യം ചെയ്യേണ്ടതുണ്ട്. 2019 മുതല്‍ 2025 വരെയുള്ള കാലയളവിലെ ദേവസ്വം ബോര്‍ഡിന്റെ എല്ലാ ഇടപാടുകളും പരിശോധിക്കാനാണ് ഹൈക്കോടതി ദേവസ്വം ബെഞ്ച് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം.
