തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക സര്‍ക്കുലറില്‍ ബിജെപിയുടെ സീല്‍ പതിച്ച സംഭവത്തില്‍ എക്സിനെതിരെ കേസെടുത്ത് സൈബര്‍ പൊലീസ്. വീഡിയോ നീക്കം ചെയ്യാത്ത സാഹചര്യത്തിലാണ് തിരുവനന്തപുരം സിറ്റി സൈബര്‍ പോലീസ് കേസെടുത്തത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയിലാണ് നടപടി.
സംഭവത്തെക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് നേരത്തെ വിശദീകരണം നല്‍കിയിരുന്നു. സീല്‍ പതിഞ്ഞത് ഒരു സാങ്കേതിക പിഴവാണെന്നും ഇതിന് ഉത്തരവാദിയായ ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തതായും കമ്മീഷന് വ്യക്തമാക്കി. എന്നാല്‍, ഈ പിഴവിനെ ആസ്പദമാക്കി പ്രധാനമന്ത്രിയെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും അധിക്ഷേപിക്കുന്ന തരത്തിലുള്ള വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയായിരുന്നു. പരാതി ലഭിച്ചതിനെത്തുടര്‍ന്ന് സൈബര്‍ പോലീസ് ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയ്ക്കും എക്സിനും കത്തയച്ചിരുന്നു. മെറ്റ ദൃശ്യങ്ങള്‍ നീക്കം ചെയ്തെങ്കിലും എക്സ് നടപടിയെടുക്കാത്ത സാഹചര്യത്തിലാണ് ഇപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

വിഷയത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. നോട്ടീസില്‍ ബിജെപിയുടെ സീല്‍ കണ്ടത് അതീവ ഗുരുതരമായ കാര്യമാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. ഇത് എങ്ങനെ സംഭവിച്ചു എന്ന കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ വ്യക്തത വരുത്തണം. നിലവില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയന്ത്രണത്തിലാണ് പോലീസെന്നും, അതിനാല്‍ തന്നെ പോലീസ് നടപടിക്ക് പിന്നില്‍ കമ്മീഷന് ആയിരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇത്തരം വ്യാജ പ്രചരണങ്ങള്‍ക്കെതിരെ കര്‍ശന നടപടി തുടരുമെന്നാണ് സൈബര്‍ പോലീസില്‍ നിന്നുള്ള സൂചന.
