ന്യൂബ്രണ്‍സ്വിക്ക്: കാനഡയുടെ സൈനിക ശാക്തീകരണത്തിന്റെ ഭാഗമായി ന്യൂ ബ്രണ്‍സ്വിക്കിലെ ബേസ് ഗേജ്ടൗണിനായി (Base Gagetown) 100 കോടി ഡോളറിലധികം (1 Billion) പുതിയ ധനസഹായം പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി പ്രഖ്യാപിച്ചു. ഹാലിഫാക്‌സില്‍ വ്യാഴാഴ്ച നടന്ന ചടങ്ങിലാണ് അദ്ദേഹം ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. കാനഡയുടെ ആകെ പ്രതിരോധ ബജറ്റ് 6,300 കോടി ഡോളറായി ഉയര്‍ത്തിയതോടെ, നാറ്റോയുടെ (NATO) നിശ്ചിത ലക്ഷ്യമായ ജിഡിപിയുടെ 2 ശതമാനം എന്ന പരിധി കാനഡ കൈവരിച്ചിരിക്കുകയാണ്. ദശകങ്ങളിലെ തന്നെ ഏറ്റവും വലിയ സൈനിക നിക്ഷേപമാണിതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
ബേസ് ഗേജ്ടൗണിലെ പ്രാഥമിക ആര്‍മി ട്രെയിനിങ് ഏരിയ നവീകരിക്കുന്നതിനും പുതിയ ഗ്രൗണ്ട് ബേസ്ഡ് എയര്‍ ഡിഫന്‍സ് സിസ്റ്റങ്ങള്‍ സ്ഥാപിക്കുന്നതിനുമാണ് ഈ തുക പ്രധാനമായും വിനിയോഗിക്കുന്നത്. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ രണ്ടായിരത്തോളം അധിക സൈനികര്‍ ഇവിടെയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുകൂടാതെ, സൈനികരുടെ ക്ഷേമത്തിനായി 2.02 കോടി ഡോളര്‍ അധികമായി ചിലവഴിക്കും. സേവനത്തില്‍ നിന്നും വിരമിച്ച് സിവില്‍ ജീവിതത്തിലേക്ക് മാറുന്ന സൈനികര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും മികച്ച താമസസൗകര്യവും പിന്തുണയും ഉറപ്പാക്കാന്‍ ഇത് സഹായിക്കും.

അറ്റ്ലാന്റിക് കാനഡയിലെ മറ്റ് മേഖലകളിലും വലിയ തോതിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടക്കും. നോവസ്‌കോഷയിലെ ഹാലിഫാക്‌സ് ഡോക്ക്യാര്‍ഡ് നവീകരണത്തിനായി 1.2 ബില്യണ്‍ ഡോളറും, ഗ്രീന്‍വുഡിലെ ഏവിയേഷന്‍ സൗകര്യങ്ങള്‍ക്കായി 64.8 കോടി ഡോളറും മാറ്റിവെച്ചിട്ടുണ്ട്. പ്രവിശ്യയിലെ ഏറ്റവും വലിയ തൊഴില്‍ദാതാക്കളില്‍ ഒന്നായ ബേസ് ഗേജ്ടൗണിന്റെ ഈ വികസനം പ്രാദേശിക സമ്പദ്വ്യവസ്ഥയ്ക്കും വലിയ ഉണര്‍വ് നല്‍കും. വരാനിരിക്കുന്ന സൈനികര്‍ക്കും കുടുംബങ്ങള്‍ക്കുമായി പാര്‍പ്പിടം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി പ്രവിശ്യാ ഗവണ്‍മെന്റ് നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.
