Saturday, March 28, 2026

ഇറാന്റെ തിരിച്ചടി; ടെല്‍ അവീവിലെ ജനവാസ മേഖലയിലേക്ക് ക്ലസ്റ്റര്‍ മിസൈലുകള്‍

ടെല്‍ അവീവ്: ഇസ്രയേലിന് നേരെ ഇറാന്റെ അതിശക്തമായ മിസൈല്‍ ആക്രമണം. ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ വാണിജ്യ നഗരമായ ടെല്‍ അവീവിലും ഇസ്രയേലിന്റെ കിഴക്കന്‍ മേഖലകളിലും വ്യാപക നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ടെല്‍ അവീവിലെ തിരക്കേറിയ വാണിജ്യ തെരുവിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

മാരകമായ ക്ലസ്റ്റര്‍ വാര്‍ഹെഡ് വിഭാഗത്തില്‍പ്പെട്ട മിസൈലുകളാണ് ഇറാന്‍ പ്രയോഗിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അന്തരീക്ഷത്തില്‍ വെച്ച് പൊട്ടിത്തെറിച്ച് ചെറിയ ബോംബുകള്‍ വലിയൊരു പ്രദേശത്തേക്ക് ഒരേസമയം വര്‍ഷിക്കുന്ന രീതിയാണിത്. ജനവാസ മേഖലയായ ടെല്‍ അവീവില്‍ ഇത്തരത്തില്‍ ബോംബുകള്‍ പതിച്ചത് വലിയ അപകടഭീഷണിയാണ് ഉയര്‍ത്തുന്നത്. വെള്ളിയാഴ്ച ഇസ്രയേല്‍ ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ നടത്തിയ ആക്രമണത്തിനുള്ള തിരിച്ചടിയായാണ് ഈ നടപടി വിലയിരുത്തപ്പെടുന്നത്. ഊര്‍ജ്ജ കേന്ദ്രങ്ങളെ ആക്രമിക്കില്ലെന്ന ട്രംപ് ഭരണകൂടത്തിന്റെ ഉറപ്പ് ലംഘിച്ചുകൊണ്ടാണ് ഇസ്രയേല്‍ ഇറാനില്‍ ആക്രമണം നടത്തിയത്.

അതേസമയം, വടക്കന്‍ അതിര്‍ത്തിയില്‍ നിന്ന് ഹിസ്ബുല്ലയും ഇസ്രയേലിന് നേരെ റോക്കറ്റ് ആക്രമണം ശക്തമാക്കി. ഇതോടെ ഒരേസമയം രണ്ട് മുന്നണികളില്‍ യുദ്ധം ചെയ്യേണ്ട സാഹചര്യത്തിലാണ് ഇസ്രയേല്‍. സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ, ഇറാനുമായി നേരിട്ടുള്ള ചര്‍ച്ചകള്‍ ഉടന്‍ നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎസ് പശ്ചിമേഷ്യന്‍ ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ് വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!