ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെയും സന്ദർശിച്ച് കെ. സുധാകരൻ എംപി. കുടുംബത്തോടൊപ്പമാണ് അദ്ദേഹം ഇരുവരെയും കാണാൻ എത്തിയത്. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും കൂടെയുണ്ടായിരുന്നു. സന്ദർശനത്തിന്റെ ചിത്രങ്ങൾ രാഹുൽ ഗാന്ധി സമൂഹ മാധ്യമത്തിൽ പങ്കുവച്ചു. കെ. സുധാകരനെയും കുടുംബത്തെയും സന്ദർശിച്ചുവെന്ന് രാഹുൽ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. കൊടുങ്കാറ്റിലും വെല്ലുവിളികളിലും പരീക്ഷണങ്ങളിലും കേരള ജനതയ്ക്കുവേണ്ടി പോരാടാൻ കെ. സുധാകരൻ ജീവിതകാലം ചെലവഴിച്ചെന്നും ഒരു യഥാർഥ കോൺഗ്രസ് പോരാളിയുടെ ശക്തിയും വിശ്വസ്തതയും അദ്ദേഹത്തിനുണ്ടെന്നും രാഹുൽ കുറിച്ചു.

യുഡിഎഫ് ഐക്യം ശക്തമാണെന്നും കേരളത്തിൽ 100 സീറ്റുകളോടെ വൻ വിജയത്തിലേക്ക് ഞങ്ങൾ നീങ്ങുകയാണെന്നും രാഹുൽ ഗാന്ധി തന്റെ സമൂഹമാധ്യമ പോസ്റ്റിൽ വിശദീകരിച്ചു.കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ മത്സരിക്കണമെന്ന താത്പര്യം പ്രകടിപ്പിച്ച കെ. സുധാകരൻ പാർട്ടിയെ കടുത്ത സമ്മർദ്ദത്തിലാക്കിയിരുന്നു. എംപിമാർ മത്സരിക്കേണ്ടെന്ന ഉറച്ച നിലപാടിലായിരുന്നു കേന്ദ്ര നേതൃത്വം. ഇതോടെ സുധാകരൻ പാർട്ടി വിടുമെന്ന് വരെ പ്രചാരണമുണ്ടായി. എന്നാൽ സ്ഥാനാർഥി പ്രഖ്യാപനം വരുന്നതിനു തൊട്ടുമുമ്പ് എല്ലാ പ്രചാരണങ്ങളും തള്ളി കോൺഗ്രസിനൊപ്പം സുധാകരൻ ഉറച്ചുനിന്നു.

തുടർന്ന് ഡൽഹിയിൽ നിന്ന് നാട്ടിലെത്തിയ സുധാകരൻ കണ്ണൂർ മണ്ഡലം സ്ഥാനാർഥി ടി.ഒ. മോഹനന്റെ ഉൾപ്പെടെ പ്രചാരണ പരിപാടികളിൽ പങ്കെടുത്തു. ഇന്നലെ സണ്ണി ജോസഫിന്റെ പ്രചാരണ പരിപാടിയിൽ പങ്കെടുത്ത ശേഷം ഇന്ന് രാവിലെയാണ് സുധാകരൻ ഡൽഹിക്ക് പോയത്.
