ഹാലിഫാക്സ്: നഗരത്തിലെ നോവസ്കോഷ പവർ വസ്തുവകകൾക്ക് നേരിട്ട് പ്രോപ്പർട്ടി ടാക്സ് ഈടാക്കാനുള്ള നീക്കവുമായി സിറ്റി കൗൺസിൽ. കഴിഞ്ഞ 30 വർഷത്തിലേറെയായി 1992 ലെ പ്രൈവറ്റൈസേഷൻ ആക്ട് പ്രകാരം കമ്പനി നേരിട്ട് നികുതി നൽകുന്നതിന് പകരം പ്രവിശ്യാ ഗവൺമെന്റിനാണ് പണം നൽകി വരുന്നത്. ഈ നിയമം റദ്ദാക്കണമെന്നും കമ്പനിയിൽ നേരിട്ട് നികുതി ഈടാക്കണമെന്നും ആവശ്യപ്പെട്ടുള്ള റിപ്പോർട്ട് കൗൺസിൽ വോട്ടിനിടും.
ജനസംഖ്യാ വർധനവ് മൂലമുള്ള സാമ്പത്തിക സമ്മർദ്ദം കുറയ്ക്കാൻ ഇത്തരം ലാഭകരമായ സ്ഥാപനങ്ങളിൽ നിന്ന് വാണിജ്യ നികുതി ഈടാക്കേണ്ടത് അത്യാവശ്യമാണെന്ന് കൗൺസിലർ കാത്രിൻ മോഴ്സ് ചൂണ്ടിക്കാട്ടി. ഹാലിഫാക്സിൽ മാത്രം കമ്പനിക്ക് 251 വസ്തുവകകളുണ്ട്. നിലവിലെ രീതി അനുസരിച്ച് ഏകദേശം 65 ലക്ഷം ഡോളറാണ് മുൻസിപ്പാലിറ്റിക്ക് ലഭിക്കുന്നത്. എന്നാൽ നേരിട്ട് നികുതി ഈടാക്കിയാൽ ഇത് 79 ലക്ഷം ഡോളറായി ഉയരുമെന്നാണ് കണക്കാക്കുന്നത്.

അതേസമയം, നിലവിലെ നിയമം മാറ്റുന്നത് മറ്റ് ചെറിയ മുൻസിപ്പാലിറ്റികളുടെ വരുമാനത്തെ ബാധിച്ചേക്കുമെന്ന് ആശങ്കയുണ്ട്. വലിയ പവർ പ്ലാന്റുകളുടെ സ്ഥലങ്ങളിൽ മാത്രം നികുതി വരുമാനം കേന്ദ്രീകരിക്കുന്നത് ഒഴിവാക്കാനാണ് നിലവിലെ രീതി സഹായിക്കുന്നത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ പ്രവിശ്യാ മന്ത്രിക്ക് കത്തെഴുതുന്ന കാര്യത്തിൽ കൗൺസിൽ ഉടൻ വോട്ടെടുപ്പ് നടത്തും.
