ജെനീവ: കിറ്റ്കാറ്റിനൊരു “Have a break” ആശംസിച്ച് ടൺ കണക്കിന് ചോക്ലേറ്റുകൾ മോഷ്ടാക്കൾ കവർന്നതായി റിപ്പോർട്ട്. യൂറോപ്പിൽ നെസ്ലെയുടെ പ്രശസ്തമായ കിറ്റ്കാറ്റ് ചോക്ലേറ്റുകളുടെ വൻ ശേഖരമാണ് മോഷണം പോയത്. ഈസ്റ്റർ ആഘോഷങ്ങൾക്കായി വിപണിയിലെത്തിക്കാൻ തയ്യാറാക്കിയ ഏകദേശം 12 ടൺ ചോക്ലേറ്റാണ് കടത്തിക്കൊണ്ടുപോയത്. 4,13,793 യൂണിറ്റ് കിറ്റ്കാറ്റുകൾ അടങ്ങിയ ട്രക്ക് ഇറ്റലിയിൽ നിന്ന് പോളണ്ടിലേക്കുള്ള യാത്രാമധ്യേയാണ് കാണാതായത്. ഇതോടെ ഈസ്റ്റർ കാലയളവിൽ വിപണിയിൽ കിറ്റ്കാറ്റിന് ക്ഷാമം അനുഭവപ്പെട്ടേക്കാമെന്ന് കമ്പനി മുന്നറിയിപ്പ് നൽകി.
കിറ്റ്കാറ്റിന്റെ പ്രസിദ്ധമായ “Have a break” എന്ന പരസ്യവാചകത്തെ പരിഹസിച്ചുകൊണ്ട്, മോഷ്ടാക്കൾ ഈ സന്ദേശം അക്ഷരാർത്ഥത്തിൽ എടുത്ത് 12 ടൺ ചോക്ലേറ്റുമായി മുങ്ങിയെന്നാണ് കമ്പനി വക്താവ് പ്രതികരിച്ചത്. നിലവിൽ ട്രക്കും അതിലെ ഉൽപ്പന്നങ്ങളും എവിടെയാണെന്നതിനെക്കുറിച്ച് സൂചനകളൊന്നുമില്ല. പ്രാദേശിക അധികൃതരുമായും വിതരണക്കാരുമായും ചേർന്ന് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

മോഷണം പോയ ചോക്ലേറ്റുകൾ അനധികൃത വിപണികളിലൂടെ വിൽക്കാൻ സാധ്യതയുണ്ടെന്ന് നെസ്ലെ അറിയിച്ചു. ഓരോ ചോക്ലേറ്റ് ബാറിലുമുള്ള യൂണിക് ബാച്ച് കോഡുകൾ സ്കാൻ ചെയ്യുന്നതിലൂടെ ഇവ കണ്ടെത്താനാകും. ഇത്തരത്തിൽ മോഷണമുതൽ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ വിവരം അറിയിക്കണമെന്നും കമ്പനി ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു.
