നോവസ്കോഷ: ഉത്പ്പന്നത്തിന്റെ ഉത്ഭവം തെറ്റായി രേഖപ്പെടുത്തി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചത് നോവസ്കോഷ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓക്സ്ഫോര്‍ഡ് ഫ്രോസണ്‍ ഫുഡ്സിന് 10,000 ഡോളര്‍ പിഴ ചുമത്തി. തങ്ങളുടെ ബ്ലൂബെറി പഴങ്ങള്‍ കാനഡയില്‍ നിന്നുള്ളതാണെന്ന് തെറ്റായി രേഖപ്പെടുത്തിയതിനാണ് കനേഡിയന്‍ ഫുഡ് ഇന്സ്പെക്ഷന് ഏജന്‍സിയുടെ നടപടി.
2025 ഏപ്രില്‍ മുതല്‍ ഉല്‍പ്പന്നങ്ങളുടെ ഉത്ഭവസ്ഥാനത്തെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ നല്കിയ അഞ്ച് ബിസിനസ് സ്ഥാപനങ്ങള്‍ക്കായി മൊത്തം 47,000 ഡോളറാണ് ഏജന്‍സി പിഴ ചുമത്തിയത്. ഉപഭോക്താക്കള്‍ തദ്ദേശീയ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ താല്‍പ്പര്യപ്പെടുന്ന സാഹചര്യത്തില്‍, ലേബലുകളിലെ കൃത്യത ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്ന് ഏജന്‍സി വ്യക്തമാക്കി. ലോകത്തിലെ തന്നെ ഏറ്റവും വലിയ വൈല്‍ഡ് ബ്ലൂബെറി വിതരണക്കാരായ ഓക്സ്ഫോര്‍ഡ് ഫ്രോസണ്‍ ഫുഡ്സിന് കാനഡയിലും അമേരിക്കയിലുമായി കൃഷിയിടങ്ങളും സംസ്കരണ കേന്ദ്രങ്ങളുമുണ്ട്.

മെയ്ന്‍ (Maine) എന്ന അമേരിക്കന്‍ നഗരത്തിലും ഇവര്‍ക്ക് സ്റ്റോറേജ് സൗകര്യങ്ങളുണ്ട്. ലേബലിങിലെ പിഴവുകള്‍ ഗൗരവകരമായാണ് കാണുന്നതെന്നും ഇത്തരം തെറ്റായ അവകാശവാദങ്ങള്‍ക്കെതിരെ കര്‍ശന നടപടി തുടരുമെന്നും സി.എഫ്.ഐ.എ (CFIA) അറിയിച്ചു. ഓക്സ്ഫോര്‍ഡ് ഫ്രോസണ്‍ ഫുഡ്സിന് പുറമെ ലോബ്ലോ (Loblaw) ഉടമസ്ഥതയിലുള്ള സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കും മറ്റ് ചില ഭക്ഷ്യവിതരണ കമ്പനികള്‍ക്കും സമാനമായ രീതിയില്‍ പിഴ ചുമത്തിയിട്ടുണ്ട്. ബനാന ബ്രെഡ്, നെയ്യ്, ചീസ് തുടങ്ങിയ ഉല്‍പ്പന്നങ്ങളിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്.
