വാഷിങ്ടൺ: അമേരിക്കയിലെ നോർത്ത് കരോലിനയിലുള്ള റാലി-ഡർഹാം അന്താരാഷ്ട്ര വിമാനത്താവളത്തിൽ അജ്ഞാത സന്ദേശത്തെത്തുടർന്ന് ടെർമിനൽ-1 ഒഴിപ്പിച്ചു. തിങ്കളാഴ്ച പുലർച്ചെ 4:20-ഓടെയാണ് വിമാനത്താവള അധികൃതർക്ക് സുരക്ഷാ ഭീഷണി ലഭിച്ചത്. തുടർന്ന് നൂറുകണക്കിന് യാത്രക്കാരെ ടെർമിനലിന് പുറത്തേക്ക് മാറ്റി.
ഭീഷണി ലഭിച്ച ഉടൻ തന്നെ പൊലീസ്, ടിഎസ്എ ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. ഏകദേശം രണ്ട് മണിക്കൂറോളം വിമാനത്താവളത്തിന്റെ പ്രവർത്തനം തടസ്സപ്പെട്ടു. പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താത്തതിനെത്തുടർന്ന് രാവിലെ 6 മണിയോടെ പ്രവർത്തനം സാധാരണ നിലയിലായി.

പെട്ടെന്നുണ്ടായ ഒഴിപ്പിക്കൽ നടപടി കാരണം നൂറുകണക്കിന് യാത്രക്കാരാണ് പുലർച്ചെ വിമാനത്താവളത്തിന് പുറത്ത് കാത്തുനിൽക്കേണ്ടി വന്നത്. സുരക്ഷയ്ക്കാണ് മുൻഗണനയെന്നും യാത്രക്കാർ സഹകരിക്കണമെന്നും വിമാനത്താവള അധികൃതർ അഭ്യർത്ഥിച്ചു.
