ഓട്ടവ: വിദേശികൾക്ക് കാനഡയിൽ സ്ഥിരതാമസത്തിന് അവസരം നൽകുന്ന വഴിതുറക്കുന്ന പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമിൽ (PNP) വൻവർധന വരുത്തി ഫെഡറൽ ഗവൺമെന്റ്. കഴിഞ്ഞ വർഷം (2025) പ്രഖ്യാപിച്ച ആദ്യഘട്ട ക്വാട്ടയുമായി താരതമ്യം ചെയ്യുമ്പോൾ ഓരോ പ്രവിശ്യകൾക്കും കേന്ദ്ര സർക്കാർ അനുവദിച്ചിട്ടുള്ള നോമിനേഷനുകളുടെ എണ്ണമാണ് കൂടിയത്. ശരാശരി 31 ശതമാനത്തോളം വർധന വുണ്ടായെന്നാണ് സൂചന. മലയാളികൾ ഉൾപ്പെടെ ഒട്ടേറെ ഉദ്യോഗാർത്ഥികൾക്ക് ഏറെ പ്രയോജനപ്പെടുന്നതാണ് ഈ നടപടി. ഏറ്റവും കൂടുതൽ നോമിനേഷൻ ക്വാട്ടയുള്ള ഒന്റാരിയോയിൽ കഴിഞ്ഞ വർഷം ആദ്യം 10,750 ആയിരുന്നത് ഇത്തവണ 14,119 ആയിട്ടുണ്ട്. ആൽബർട്ടയിൽ ഇത് 4,875-ൽ നിന്ന് 6,403 ആയും, മാനിറ്റോബയിൽ 4,750-ൽ നിന്ന് 6,239 ആയും കൂടിയത് ഏറെ പ്രതീക്ഷ പകരുന്നു. ബ്രിട്ടീഷ് കൊളംബിയ (5,254), സസ്‌കാച്വാൻ (4,761) എന്നീ പ്രവിശ്യകളിലും മുപ്പത് ശതമാനത്തിലധികം വർധനയുണ്ടായി. ചെറിയ മേഖലകളായ യൂക്കോണിൽ 282 പേർക്കും നോർത്ത് വെസ്റ്റ് ടെറിട്ടറീസിൽ 197 പേർക്കും ഇത്തവണ നോമിനേഷൻ ലഭിക്കും.

അതേസമയം, അറ്റ്ലാന്റിക് മേഖലയിലെ പ്രവിശ്യകളായ ന്യൂ ബ്രൺസ്വിക്ക്, നോവ സ്കോഷ, പ്രിൻസ് എഡ്വേർഡ് ഐലൻഡ്, ന്യൂഫിൻലന്റ് ആൻഡ് ലാബ്രഡോർ എന്നിവ ഇതുവരെ തങ്ങളുടെ ഈ വർഷത്തെ ആകെ ക്വാട്ട പ്രഖ്യാപിച്ചിട്ടില്ല. നിലവിലെ 31 ശതമാനം വർധന ഇവിടെയും തുടരുകയാണെങ്കിൽ ഈ പ്രവിശ്യകളിലും കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ ആളുകൾക്ക് ഇത്തവണ അവസരം ലഭിച്ചേക്കും. ഒരു പ്രവിശ്യയ്ക്ക് ഒരു വർഷം എത്ര വിദേശ പൗരന്മാരെ സ്ഥിരതാമസത്തിനായി ശുപാർശ ചെയ്യാം എന്ന് തീരുമാനി ക്കുന്നത് നോമിനേഷൻ ക്വാട്ടയാണ്. ക്വാട്ട ഉയരുന്നതിനനുസരിച്ച് കൂടുതൽ പേർക്ക് പ്രൊവിൻഷ്യൽ നോമിനേഷൻ വഴി കാനഡയിൽ പിആർ ലഭിക്കാനുള്ള അവസരത്തിന് വഴി തുറക്കുന്നു. പ്രവിശ്യകൾ നൽകുന്ന ഈ നോമിനേഷൻ സർട്ടിഫിക്കറ്റ് ലഭിച്ച ശേഷം ഉദ്യോഗാർത്ഥികൾക്ക് സ്ഥിരതാമസത്തിനായി ഫെഡറൽ ഗവൺമെന്റിന് അപേക്ഷ സമർപ്പിക്കാം.
