വാഷിങ്ടണ്‍: ഇറാനെതിരെയുള്ള സൈനിക നടപടി നിര്‍ണായക ഘട്ടത്തിലേക്ക് കടക്കവെ, അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ന് രാത്രി (ബുധനാഴ്ച രാത്രി 9 മണിക്ക്) രാജ്യത്തെ അഭിസംബോധന ചെയ്യും. ഇറാന്‍ വിഷയത്തില്‍ അതീവ പ്രാധാന്യമുള്ള ചില വിവരങ്ങള്‍ പ്രസിഡന്റ് പങ്കുവെക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാരലിന്‍ ലെവിറ്റ് എക്‌സിലൂടെ (X) അറിയിച്ചു. പശ്ചിമേഷ്യയില്‍ അമേരിക്ക നടത്തിവരുന്ന സൈനിക നീക്കങ്ങള്‍ രണ്ടാം മാസത്തിലേക്ക് കടക്കുമ്പോഴാണ് ഈ പ്രഖ്യാപനം വരുന്നത്.
ഇറാനിലെ സായുധ പോരാട്ടം വരും ആഴ്ചകളില്‍ അവസാനിച്ചേക്കുമെന്നും അമേരിക്കന്‍ സൈന്യം വൈകാതെ പിന്‍വാങ്ങുമെന്നും ട്രംപ് കഴിഞ്ഞ ദിവസം സൂചന നല്‍കിയിരുന്നു. എന്നാല്‍, ഇതിനിടയിലും ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള നീക്കങ്ങള്‍ അമേരിക്ക ശക്തമാക്കിയിട്ടുണ്ട്. ഇറാന്‍ സമാധാന കരാറിന് തയ്യാറാകാത്ത പക്ഷം ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ച് സമ്പുഷ്ടീകരിച്ച യുറേനിയം പിടിച്ചെടുക്കാന്‍ പ്രത്യേക സേനയെ (Elite Special Forces) നിയോഗിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞ വര്‍ഷം ജൂണില്‍ ‘ഓപ്പറേഷന്‍ മിഡ്‌നൈറ്റ് ഹാമര്‍’ (Operation Midnight Hammer) എന്ന പേരില്‍ അമേരിക്ക ഇറാനിലെ ഇസ്ഫഹാന്‍, നടാന്‍സ്, ഫോര്‍ഡോ തുടങ്ങിയ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ ബി-2 ബോംബറുകള്‍ ഉപയോഗിച്ച് ശക്തമായ ആക്രമണം നടത്തിയിരുന്നു. നിലവിലെ സൈനിക വിന്യാസം ഈ ലക്ഷ്യം പൂര്‍ത്തിയാക്കാനാണെന്നാണ് വിലയിരുത്തല്‍. അതേസമയം, യുദ്ധം കാരണം അമേരിക്കയില്‍ ജീവിതച്ചെലവ് വര്‍ധിക്കുന്നതില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ക്കിടയില്‍ അതൃപ്തി പടരുന്നതായി പുതിയ സര്‍വ്വേകള്‍ വ്യക്തമാക്കുന്നുണ്ട്.
