ഓട്ടവ: പാസ്പോർട്ടിന് അപേക്ഷിച്ച് നിശ്ചിത സമയപരിധിക്കുള്ളിൽ ലഭിച്ചില്ലെങ്കിൽ അപേക്ഷകർക്ക് ഫീസ് പൂർണ്ണമായും തിരികെ നൽകുന്ന പുതിയ പദ്ധതിക്ക് തുടക്കമിട്ട് കാനഡ. ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ സർവീസ് ഗ്യാരണ്ടി പ്രകാരം, 30 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ പാസ്പോർട്ട് നടപടികൾ പൂർത്തിയാക്കി അപേക്ഷകർക്ക് നൽകിയില്ലെങ്കിൽ തുക തിരികെ ലഭിക്കും. സർക്കാരിന്റെ ഉത്തരവാദിത്തം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് ഇമിഗ്രേഷൻ മന്ത്രി ലെന മെറ്റ്ലെജ് ദിയാബ് അറിയിച്ചു.
കാനഡയിലെ ജനങ്ങൾ സർക്കാരിൽ നിന്ന് വിശ്വസനീയമായ സേവനങ്ങളാണ് പ്രതീക്ഷിക്കുന്നതെന്നും, മിക്ക പാസ്പോർട്ടുകളും കൃത്യസമയത്ത് നൽകുന്നുണ്ടെങ്കിലും പുതിയ റീഫണ്ട് പോളിസി സേവന നിലവാരം കൂടുതൽ മെച്ചപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. ’30 ദിവസം അല്ലെങ്കിൽ സൗജന്യ സേവനം’ എന്ന ഈ പദ്ധതി പ്രകാരം, അപേക്ഷ സ്വീകരിച്ച് 30 പ്രവൃത്തി ദിവസങ്ങൾ കഴിഞ്ഞിട്ടും പാസ്പോർട്ട് അച്ചടിച്ച് വെരിഫിക്കേഷൻ പൂർത്തിയായില്ലെങ്കിൽ ഫീസ് തുക അപേക്ഷകർക്ക് നേരിട്ട് തിരികെ നൽകും. എന്നാൽ തപാൽ വഴി പാസ്പോർട്ട് ലഭിക്കാൻ എടുക്കുന്ന സമയം ഈ 30 ദിവസത്തെ പരിധിയിൽ ഉൾപ്പെടില്ല.

പൂരിപ്പിച്ച അപേക്ഷാ ഫോം, പാസ്പോർട്ട് സൈസ് ഫോട്ടോ ഉൾപ്പെടെയുള്ള കൃത്യമായ രേഖകൾ, മുഴുവൻ ഫീസും എന്നിവ അടങ്ങിയ അപേക്ഷകൾക്ക് മാത്രമാണ് ഈ നിയമം ബാധകമാകുക. പുതിയ പദ്ധതി സേവനങ്ങളെ കൂടുതൽ സുതാര്യമാക്കുമെന്നും കാനഡക്കാർക്ക് ഇതിലൂടെ സമയം ലാഭിക്കാനാകുമെന്നും ഫെഡറൽ തൊഴിൽ മന്ത്രി പാറ്റി ഹജ്ഡു പറഞ്ഞു. സേവനങ്ങൾ കൃത്യസമയത്ത് ലഭിക്കുമ്പോൾ ജോലിക്കിടയിലെ അവധിയും മറ്റ് അധിക ചെലവുകളും ഒഴിവാക്കാൻ സാധിക്കുമെന്നും മന്ത്രി
കൂട്ടിച്ചേർത്തു.
എങ്കിലും എല്ലാ സാഹചര്യങ്ങളിലും ഈ റീഫണ്ട് ലഭ്യമാകില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. റിപ്ലേസ്മെന്റ് ഫീസുകൾ, ട്രാൻസ്ഫർ ഫീസുകൾ, അഭയാർത്ഥികളായ കുട്ടികൾക്കുള്ള യാത്രാ രേഖകൾ, സർട്ടിഫിക്കറ്റ് ഓഫ് ഐഡന്റിറ്റി എന്നിവയെ ഈ പദ്ധതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിലവിൽ പ്രത്യേക ചട്ടങ്ങൾ ബാധകമായ അർജന്റ്, എക്സ്പ്രസ് അപേക്ഷകൾക്കും ഈ റീഫണ്ട് ബാധകമല്ല. കൂടാതെ, അപ്രതീക്ഷിതമായ കാരണങ്ങളാൽ പ്രവർത്തനങ്ങൾ തടസ്സപ്പെടുന്ന പ്രത്യേക സാഹചര്യങ്ങളിലും ഈ ആനുകൂല്യം ലഭിക്കില്ല.
