ഹാലിഫാക്സ് : യുഎസ് മദ്യം വാങ്ങാൻ ചിലവഴിച്ച ദശലക്ഷക്കണക്കിന് ഡോളറിന് നോവസ്കോഷ നിവാസികൾക്ക് നന്ദി. അമേരിക്കൻ മദ്യ വിൽപ്പനയിൽ നിന്ന് ലഭിച്ച തുകയിൽ നിന്നും 53 ലക്ഷം ഡോളർ ഭക്ഷ്യ ദുരിതാശ്വാസ പദ്ധതികൾക്കായി നൽകുമെന്ന് നോവസ്കോഷ സർക്കാർ അറിയിച്ചു. ഈ തുക പ്രവിശ്യയിലെ 315 കമ്മ്യൂണിറ്റി ഫുഡ് ഗ്രൂപ്പുകൾക്കും ചാരിറ്റി സ്ഥാപനങ്ങൾക്കുമായാണ് വിതരണം ചെയ്യുക.

യുഎസ് താരിഫുകൾക്കെതിരെ പ്രതികാര നടപടിയായി യുഎസ് മദ്യത്തിന്‍റെ വിൽപ്പന പ്രവിശ്യാ സർക്കാർ നിരോധിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ നവംബറിൽ, ശേഷിക്കുന്ന യുഎസ് മദ്യം വിറ്റഴിക്കാൻ തീരുമാനിക്കുകയും അതിൽ നിന്നുള്ള വരുമാനം കമ്മ്യൂണിറ്റി ഫുഡ് ഗ്രൂപ്പുകൾക്ക് വിതരണം ചെയ്യുമെന്നും പ്രവിശ്യാ സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഈ സംഘടനകൾക്ക് ഏകദേശം 40 ലക്ഷം ഡോളർ നൽകാനാകുമെന്ന് പ്രതീക്ഷിച്ചിരുന്നു.
