മുംബൈ: ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയിലേക്ക് ഇടിയുന്നത് തടയാൻ ലക്ഷ്യമിട്ട് വിദേശ വിനിമയ വിപണിയിൽ കർശന നിയന്ത്രണങ്ങളുമായി റിസർവ് ബാങ്ക്. ഓഫ്‌ഷോർ മാർക്കറ്റിലെ രൂപയുമായി ബന്ധപ്പെട്ട നോൺ-ഡെലിവറബിൾ ഫോർവേഡ് കരാറുകൾ നൽകുന്നതിൽ നിന്ന് ഇന്ത്യൻ ബാങ്കുകളെ ആർബിഐ വിലക്കി. രൂപയുടെ വിനിമയ നിരക്ക് നിശ്ചയിക്കുന്നതിൽ വിദേശ വിപണികളുടെ സ്വാധീനം കുറയ്ക്കാനും ഊഹക്കച്ചവടം നിയന്ത്രിക്കാനുമാണ് ഈ നീക്കം. അംഗീകൃത ഡീലർമാർ (ബാങ്കുകൾ) ഇനിമുതൽ താമസക്കാർക്കോ അല്ലാത്തവർക്കോ രൂപയുമായി ബന്ധപ്പെട്ട നോൺ-ഡെലിവറബിൾ ഡെറിവേറ്റീവ് കരാറുകൾ നൽകാൻ പാടില്ല. യഥാർത്ഥ ആവശ്യങ്ങൾക്കായി മാത്രം ഡെലിവറബിൾ ഫോറെക്സ് കരാറുകൾ അനുവദിക്കും. എന്നാൽ ഇവ ഉപയോഗിച്ച് ഓഫ്‌ഷോർ വിപണിയിൽ വിപരീത സ്ഥാനങ്ങൾ എടുക്കാൻ പാടില്ല. ഒരിക്കൽ റദ്ദാക്കിയ ഫോറെക്സ് ഡെറിവേറ്റീവ് കരാറുകൾ വീണ്ടും ബുക്ക് ചെയ്യാൻ ഉപഭോക്താക്കളെ അനുവദിക്കില്ല എന്നതും പുതിയ മാറ്റമാണ്.

ബാങ്കുകളുടെ പ്രതിദിന കറൻസി പൊസിഷൻ 100 ദശലക്ഷം ഡോളറായി ആർബിഐ പരിമിതപ്പെടുത്തി. ഇത് ഏകദേശം 30 ബില്യൺ ഡോളറിന്റെ ആർബിട്രേജ് വ്യാപാരങ്ങൾ വിപണിയിൽ നിന്ന് പിൻവലിക്കാൻ ബാങ്കുകളെ പ്രേരിപ്പിക്കും എന്നാണ് കണക്കുക്കൂട്ടൽ. ആർബിഐയുടെ ഈ ശക്തമായ ഇടപെടലിനെത്തുടർന്ന് രൂപയുടെ മൂല്യത്തിൽ വൻ തിരിച്ചുവരവ് പ്രകടമായി തുടങ്ങി. ഡോളറിനെതിരെ 95 കടന്ന രൂപ, പുതിയ നിയന്ത്രണങ്ങൾ വന്നതോടെ 93 നിലവാരത്തിലേക്ക് മെച്ചപ്പെട്ടു. 2013-ന് ശേഷമുള്ള ഏറ്റവും വലിയ ഏകദിന മുന്നേറ്റമാണ് വ്യാഴാഴ്ച വിപണിയിൽ ഉണ്ടായത്.
