ഇന്ത്യൻ സിനിമാലോകം ഏറെക്കാലമായി കാത്തിരുന്ന നിതേഷ് തിവാരി ചിത്രം ‘രാമായണ’ത്തിന്റെ ആദ്യ ടീസർ പുറത്തിറങ്ങി. ഹനുമാൻ ജയന്തി ദിനമായ ഏപ്രിൽ 2-നാണ് “രാമ” എന്ന് പേരിട്ടിട്ടുള്ള ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രങ്ങളിലൊന്നായാണ് ഇത് ഒരുങ്ങുന്നത്.
ശ്രീരാമനായി രൺബീർ കപൂറും സീതയായി സായ് പല്ലവിയും എത്തുന്നു. രാവണനായി കന്നഡ സൂപ്പർ താരം യാഷും ഹനുമാനായി സണ്ണി ഡിയോളും വേഷമിടുന്നു. ലക്ഷ്മണനായി രവി ദുബെയും എത്തുന്നുണ്ട്. ഇതിഹാസ കാവ്യമായ രാമായണത്തെ രണ്ട് ഭാഗങ്ങളായാണ് നിതേഷ് തിവാരി അവതരിപ്പിക്കുന്നത്. ആദ്യ ഭാഗം 2026 ദീപാവലിക്കും രണ്ടാം ഭാഗം 2027 ദീപാവലിക്കും തിയേറ്ററുകളിലെത്തും.

ഓസ്കാർ ജേതാവ് എ.ആർ. റഹ്മാനും വിശ്വപ്രസിദ്ധ സംഗീതജ്ഞൻ ഹാൻസ് സിമ്മറും ചേർന്നാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. ഹാൻസ് സിമ്മർ ആദ്യമായാണ് ഒരു ഇന്ത്യൻ സിനിമയുടെ ഭാഗമാകുന്നത്. ‘ഇൻസെപ്ഷൻ’, ‘ഇന്റർസ്റ്റെല്ലാർ’ തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങൾക്ക് വിഎഫ്എക്സ് ഒരുക്കിയ ഓസ്കാർ ജേതാക്കളായ ‘ഡിഎൻഇജി’ സ്റ്റുഡിയോയാണ് രാമായണത്തിലെ ദൃശ്യവിസ്മയങ്ങൾ തയ്യാറാക്കുന്നത്.
ടീസറിലെ ദൃശ്യസമ്പന്നതയ്ക്കും താരങ്ങളുടെ പ്രകടനത്തിനും മികച്ച പ്രതികരണങ്ങൾ ലഭിക്കുന്നുണ്ടെങ്കിലും, ചിലർ വിഎഫ്എക്സ് നിലവാരത്തെക്കുറിച്ച് സമ്മിശ്ര അഭിപ്രായങ്ങളും രേഖപ്പെടുത്തുന്നുണ്ട്. എന്തായാലും വരും വർഷങ്ങളിൽ ഇന്ത്യൻ സിനിമ ഉറ്റുനോക്കുന്ന ഏറ്റവും വലിയ പ്രോജക്റ്റായി ‘രാമായണം’ മാറിക്കഴിഞ്ഞു.
