ഓട്ടവ: കാനഡയിലെ വിവിധ നഗരങ്ങളിൽ അപ്പാർട്ട്മെന്റ് വാടക നിരക്കുകൾ കുറയുന്നതായി റിപ്പോർട്ട്. ജനസംഖ്യാ വളർച്ചയിലുണ്ടായ മന്ദഗതിയും ഒഴിവ് വരുന്ന വീടുകളുടെ എണ്ണം വർദ്ധിച്ചതുമാണ് വാടക വിപണിയിൽ മാറ്റമുണ്ടാക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിലേറെയായി തുടരുന്ന ഈ പ്രവണത 2026-ലും തുടരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
ദേശീയതലത്തിൽ വാടക ആവശ്യപ്പെടുന്ന നിരക്കിൽ 3.2% കുറവുണ്ടായി. 2022, 2023 വർഷങ്ങളിൽ ഉണ്ടായ വൻ വർദ്ധനവിന് ശേഷമുള്ള ആദ്യ ഇടിവാണിത്. അപ്പാർട്ട്മെന്റുകളിലെ ഒഴിവ് നിരക്ക് 3 ശതമാനത്തിന് മുകളിലേക്ക് ഉയരുമെന്നാണ് കണക്കാക്കുന്നത്. ഇത് വാടകക്കാർക്ക് കൂടുതൽ വീടുകൾ തിരഞ്ഞെടുക്കാനും വിലപേശാനുമുള്ള അവസരം നൽകുന്നു. താൽക്കാലിക താമസക്കാരുടെയും അന്താരാഷ്ട്ര വിദ്യാർത്ഥികളുടെയും വരവ് കുറഞ്ഞത് വാടക ആവശ്യകതയെ കാര്യമായി ബാധിച്ചു. ഇത് ഒന്റാരിയോ, ബ്രിട്ടിഷ് കൊളംബിയ തുടങ്ങിയ പ്രവിശ്യകളിലാണ് കൂടുതൽ പ്രതിഫലിക്കുന്നത്.

പുതിയ യൂണിറ്റുകൾ വിപണിയിൽ എത്തുന്നതോടെ, നിലവിലുള്ള പാട്ടക്കരാർ പുതുക്കുമ്പോൾ കുറഞ്ഞ നിരക്കിലോ കൂടുതൽ ആനുകൂല്യങ്ങളോടെയോ തുടരാൻ വാടകക്കാർക്ക് സാധിക്കുന്നുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി കാനഡയിലെ വാടക വിപണി പൂർണ്ണമായും ഉടമസ്ഥർക്ക് അനുകൂലമായിരുന്നു. എന്നാൽ ഇപ്പോൾ അത് ഒരു ‘സന്തുലിത വിപണി’ ആയി മാറുകയാണ്. ഒഴിവ് നിരക്ക് 3% കടക്കുന്നത് ഇതിന്റെ സൂചനയാണ്. അതായത്, ആവശ്യക്കാരെക്കാൾ കൂടുതൽ വീടുകൾ ലഭ്യമാകുന്ന സാഹചര്യം വരുന്നു.
കാനഡയുടെ പുതിയ കുടിയേറ്റ നയം വാടക വിപണിയെ നേരിട്ട് ബാധിച്ചിട്ടുണ്ട്. താൽക്കാലിക താമസക്കാരുടെ എണ്ണം കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചതോടെ, വാടകയ്ക്ക് വീട് തിരയുന്നവരുടെ എണ്ണം കുറഞ്ഞു. ഇത് ഡിമാൻഡ് കുറയാനും തത്തുല്യമായി വാടക താഴാനും കാരണമായി.
കാനഡയിലുള്ള മലയാളി കുടുംബങ്ങൾക്കും വിദ്യാർത്ഥികൾക്കും ഇത് ആശ്വാസകരമാണ്. പുതിയ വീട് തിരയുന്നവർക്ക് കുറഞ്ഞ നിരക്കിൽ വീട് ലഭിക്കാൻ സാധ്യതയുണ്ട്. നിലവിൽ താമസിക്കുന്നവർക്ക് വാടക വർദ്ധിപ്പിക്കാൻ ഉടമസ്ഥർ തയ്യാറാകാത്ത സാഹചര്യവും ഇത് സൃഷ്ടിക്കും.
